scorecardresearch

എല്ലാ വേദനകളും ദുരിതങ്ങളും അനുഭവിച്ചു, ശിക്ഷാവിധി എന്നെ ബാധിക്കുന്നില്ല: പ്രൊഫ. ടി ജെ ജോസഫ്

കൈവെട്ടു കേസില്‍ പ്രതികളെന്ന് കോടതി കണ്ടെത്തിയ ആറ് പേരില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്

കൈവെട്ടു കേസില്‍ പ്രതികളെന്ന് കോടതി കണ്ടെത്തിയ ആറ് പേരില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
prof. T J Joseph|KERALA| CRIME

പ്രൊഫസര്‍ ടി.ജെ.ജോസഫ്

മൂവാറ്റുപുഴ: കൈവെട്ടുകേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് പ്രൊഫ. ടി ജെ ജോസഫ്. "ഈ കേസില്‍ എന്റെ ഉത്തരവാദിത്തം സാക്ഷി പറയുക എന്നതാണ്, അത് ഒരു പൗരനെന്ന നിലയില്‍ ഞാന്‍ നിര്‍വഹിച്ചു. ശിക്ഷ കുറഞ്ഞുപോയോ കൂടിപോയോ എന്നത് നിയമപണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്," ടി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

Advertisment

"കേസ് തീവ്രവാദം എന്ന നിലയിലാണ് കോടതി കൈകാര്യം ചെയ്തതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പ്രതികളെ ശിക്ഷിക്കുന്നതുകൊണ്ട് നമ്മുടെ രാജ്യത്ത് തീവ്രവാദ പ്രസ്ഥാനത്തിന് ശമനമുണ്ടാകുമോ ഇല്ലയോ എന്നത് നിരീക്ഷകര്‍ വിശകലനം ചെയ്യട്ടെ. അതിനെക്കുറിച്ചും കൂടുതല്‍ പറയാന്‍ ഞാന്‍ ഇല്ല," അദ്ദേഹം പറഞ്ഞു.

ഒന്നാം പ്രതിയെ കണ്ടെത്താനാവാത്തത് അന്വേഷണസംഘത്തിന്റെ വീഴ്ചയാകാം, അല്ലെങ്കില്‍ പ്രതി സമര്‍ത്ഥനായതുകൊണ്ടാകാമെന്നും പ്രൊഫസര്‍ ജോസഫ് അഭിപ്രായപ്പെട്ടു. പ്രതിയെ സംരക്ഷിക്കുന്നവര്‍ പൊലീസിന്റെ കണ്ണ് കെട്ടാന്‍ കഴിയുന്നവരാകാമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

"ഞാന്‍ ചില ആളുകളുടെ പ്രാകൃതമായ വിശ്വാസങ്ങളുടെ പേരില്‍ ആക്രമിക്കപ്പെട്ടുവെന്നെയുള്ളു. അത് കഴിഞ്ഞു. എനിക്ക് ലഭിക്കാനുള്ള വേദനകളും ദുരിതങ്ങളുമെല്ലാം ലഭിച്ചു. അതിന്റെ പേരില്‍ മറ്റ് ആളുകളെ കഷ്ടപ്പെടുത്തുന്നതൊന്നും എനിക്ക് താല്‍പ്പര്യമുള്ള കാര്യമല്ല."

Advertisment

"എല്ലാ മനുഷ്യരും നല്ലതായിട്ടും സുഖമായിട്ടും ജീവിക്കാനുള്ള ഭൂമിയാണിത്. ഈ ആധുനിക യുഗത്തിലും ഇത്തരം പ്രാകൃതമായ വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നതിന്റെ കഷ്ടപ്പാടുകള്‍ നമ്മള്‍ എല്ലാവരും അനുഭവിക്കുന്നു, അതില്‍ ഞാനും പെട്ടുപോയി," പ്രൊഫസര്‍ പറ‍ഞ്ഞു.

ഈ ലോകത്ത് നിന്ന് ഇതുപോലുള്ള അന്ധവിശ്വാസങ്ങളൊക്കെ മാറി ആധുനികമായുള്ള ലോകം ഉണ്ടാകാന്‍ ആഗ്രഹിക്കുകയാണ്. ജാതീയവിഭാഗിയതകളില്ലാത്ത ഒരു ലോകം, അതാണ് എന്റെ സ്വപ്നം. പരസ്പരം കൊല്ലാനൊ കൊലവിളിക്കാനൊ തയാറാകുന്ന മാനസികാവസ്ഥയില്‍ നിന്നൊക്കെ മാറി ചിന്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പേര്‍ക്കാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജീവപര്യന്തം വിധിച്ച്. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ.

ഒമ്പതാം പ്രതി നൗഷാദിനും പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞിനും പന്ത്രണ്ടാം പ്രതി അയൂബിനും മൂന്ന് വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു. യുഎപിഎ തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു. തടവുശിക്ഷയ്ക്ക് പുറമെ പ്രതികളെല്ലാം ചേർന്ന് അധ്യാപകന് നാല് ലക്ഷം രൂപ നൽകണമെന്നും കോടതി വിധിയില്‍ പറയുന്നു.

നാലാം പ്രതി ഷഫീഖ്, ആറാം പ്രതി അസീസ്, ഏഴാം പ്രതി മുഹമ്മദ് റാഫി, എട്ടാം പ്രതി സുബൈര്‍, മന്‍സൂര്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. തെളിവില്ലെന്നു കണ്ടാണ് ഇവരെ കുറ്റവിമുക്തരാക്കുന്നതെന്ന് കോടതി പറഞ്ഞു.

നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പിക്കല്‍, സ്ഫോടക വസ്തു നിയമം, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2010 ജൂലൈ നാലിനാണ് ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.

Popular Front Of India Nia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: