ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നിരൂപകനും വിവര്‍ത്തകനുമായ പ്രൊ. തോമസ് മാത്യുവിന്. ‘ആശാന്റെ സീതായനം’ എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. വിവര്‍ത്തനത്തിനുള്ള അക്കാദമി പുരസ്കാരം ലഭിച്ചത് ചാത്തനാത്ത് അച്യുതനുണ്ണിക്കാണ്.
അക്കാദമിയുടെ വിശിഷ്ട അംഗത്വം സി രാധാകൃഷ്ണന് നല്‍കും. രാജ്യത്തെ മുതിര്‍ന്ന സാഹിത്യകാരന്മാര്ക്ക് നല്കുന്ന അംഗീകാരമാണിത്. എം ടി വാസുദേവന്‍ നായരാണ് ഇതിന് മുന്‍പ് വിശിഷ്ട അംഗത്വം ലഭിച്ച മലയാളി.
പത്തനംതിട്ട കീക്കൊഴൂർ സ്വദേശിയായ എം തോമസ് മാത്യു 1940 സെപ്തംബര്‍ 27-നാണ് ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, ചിറ്റൂർ ഗവ. കോളജ്, കാസർകോട് ഗവ. കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചു.
ചാലക്കുടി പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക ഗവ.കോളജ്, പട്ടാമ്പി ശ്രീ നീലകണ്ഠശർമ സ്മാരക സംസ്കൃത കോളജ്, മൂന്നാർ ഗവ. കോളജ് എന്നിവിടങ്ങളില്‍ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. ദന്തഗോപുരത്തിലേയ്ക്ക് വീണ്ടും, എന്റ വാൽമീകമെവിടെ, സാഹിത്യദർശനം, ആത്മാവിന്റെ മുറിവുകൾ, ന്യൂ ഹ്യൂമനിസം (തർജ്ജമ), ആർ.യു.ആർ (തർജ്ജമ) തുടങ്ങിയവയാണ് പ്രധാന കൃതികൾ.