കൊച്ചി:ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി നിര്‍മ്മാതാക്കളുടെ സംഘടന.മാതൃക കാട്ടേണ്ടവരില്‍ നിന്ന് തെറ്റ് സംഭവിച്ച സാഹചര്യത്തില്‍ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംഭവത്തില്‍ അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. തെറ്റ് പറ്റിയതായും ഒരു പ്രത്യേക മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞുപോയതാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു. ഖേദം പ്രകടിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകയോട് ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും ചെയ്തതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ശ്രീനാഥിനെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഭാസിക്ക് തല്‍കാലം പുതിയ പടങ്ങള്‍ നല്‍കില്ല. എന്നാല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിങ്ങും ഷൂട്ടിങ്ങും പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. ശിക്ഷ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. അതേസമയം വിലക്ക് എത്ര കാലത്തേയ്ക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യം പിന്നീടാണ് തീരുമാനിക്കുകയെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.