കോഴിക്കോട്: ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശം നടത്തിയ അധ്യാപകനെതിരെ പരാതി. വിദ്യാര്‍ത്ഥിനിയായ അമൃത മേത്തര്‍ നല്കിയ പരാതിയിന്‍ മേല്‍ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫാറൂഖ് കോളേജിലെ അധ്യാപകനായ ജൗഹര്‍ മുനവീര്‍ തന്റെയും മറ്റ് വിദ്യാര്‍ത്ഥിനികളുടേയും സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാമര്‍ശം മാനസിക സംഘര്‍ഷമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
അധ്യാപകന്റെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പരാതിയില്‍ അദ്ദേഹം സ്ത്രീത്വത്തെ അപാമാനിച്ചെന്നും പറയുന്നു. അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രൊഫസര്‍ ജൗഹര്‍ മുനവീര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ മാസം 28 വരെയാണ് അവധി. അധ്യാപകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകളടക്കം നിരവധി പേര് രംഗത്തെത്തിയിരുന്നു.
കോഴിക്കോട് എളേറ്റില്‍ വച്ച് നടന്ന ഒരു പ്രസംഗത്തിനിടെയായിരുന്നു അധ്യാപകന്റെ വിവാദ പരാമര്‍ശം. വിദ്യാര്‍ത്ഥിനികളുടെ മാറിടത്തെ ചൂഴ്ന്നെടുത്ത വത്തക്കയോടായിരുന്നു അധ്യാപകന് ഉപമിച്ചത്. ഇതിന് പിന്നാലെ മാറ് തുറക്കല്‍ സമരവുമായി പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഫാറൂഖ് കോളേജ് ചെയര്‍പേഴ്സണ്‍ മിന ഫര്‍സാനയും അധ്യാപകന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.