കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ ടി.ഗോപകുമാർ ലോഡ്ജ് മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി. മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ എറണാകുളം ടൗൺ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ.പീറ്റർ, എസ്ഐ വിപിൻദാസ് എന്നിവരെ കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്.

ഇരുവരുടെയും മാനസിക സമ്മർദ്ദം താങ്ങാനാവാതെയാണ് ആത്മഹത്യയെന്ന് കുറിപ്പിൽ പറയുന്നു. നോർത്ത് റയിൽവേ സ്റ്റേഷന് സമീപം ആറ് മാസത്തിലേറെയായി ഇദ്ദേഹം താമസിച്ചു വന്നിരുന്ന ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ വിളിച്ചിട്ട് ഫോൺ എടുക്കാതെ വന്നതോടെ ഭാര്യയാണ് നോർത്ത് പൊലീസ് സ്റ്റേഷനിൽ വിളിച്ചന്വേഷിച്ചത്. പിന്നീട് ഇവിടെ നിന്ന് രണ്ട് പൊലീസുകാർ ലോഡ്ജിലെത്തി മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. ഇതേ തുടർന്ന് പുറകുവശത്തെ വാതിലിൽ കൂടി അകത്തേക്ക് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വാതിൽ പൊളിച്ച് അകത്തുകടന്നെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമല്ല. എന്നാൽ സിഐ കെ.ജെ.പീറ്ററും എസ്ഐ വിപിൻദാസും മാനസികമായി പീഡിപ്പിച്ചതായി ആത്മഹത്യ കുറിപ്പിൽ പറയുന്നു.

ആത്മഹത്യക്കുറിപ്പിന്റെ പൂർണ്ണരൂപം

എത്രയും സ്നേഹമുളള എന്റെ അമ്മയും സൗമ്യയും കുഞ്ഞുമക്കളും അറിയുന്നതിന്. അടുത്തിടെയായി ഞാൻ ഔദ്യോഗിക ജീവിതത്തിൽ താങ്ങാൻ കഴിയാത്ത മാനസിക സമ്മർദ്ദത്തിലാണ്. നോർത്ത് പിഎസ് ലെ എസ്എച്ച്ഒ, കെജെ പീറ്റർ, എസ്ഐ വിബിൻദാസ് എന്നിവർ ചേർന്ന് എന്നെ മാനസികമായി തുടർന്ന് ജീവിക്കാൻ സാധിക്കാത്ത വിധം അതീവസമ്മർദ്ദത്തിലാഴ്ത്തുകയാണ്. മേൽ ഉദ്യോഗസ്ഥരുടെ കീഴിൽ എനിക്കിനി ജോലി തുടർന്നുപോകാൻ ആവില്ല. തുടർന്ന് മറ്റൊരിടത്തേക്കും എനിക്ക് പോകാൻ വയ്യ. മരണം മാത്രമേ ആശ്രയമുളളൂ.

എന്റെ മക്കളെ അവസാനമായി ഒന്നു കാണാൻ കഴിഞ്ഞില്ല എന്ന ദു:ഖം മാത്രം അവശേഷിക്കുന്നു.

എന്ന്
സ്നേഹപൂർവ്വം
ഗോപൻ

നോർത്ത് പിഎസ് ലെ എന്റെ സ്നേഹം നിറഞ്ഞ സഹപ്രവർത്തകർ അറിയുന്നതിന്. എന്റെ ഇൻക്വസ്റ്റ് ജബ്ബാർസാറിനെ കൊണ്ട് ചെയ്യിക്കണം. അവന്മാരെ (Peter, Vibin Das) എന്റെ മൃതദേഹം കാണാൻ പോലും അനുവദിക്കരുത്.

ഗോപകുമാർ ടി

ബന്ധുക്കളെത്തിയ ശേഷം 12 മണിക്കൂർ കഴിഞ്ഞാണ് ലോഡ്ജ് മുറിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. പ്രമോഷനായതിനെ തുടർന്ന് ഒരാഴ്ചയായി ഇദ്ദേഹം തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് പ്രവർത്തിച്ചിരുന്നത്.

മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. തിരുവനന്തപുരം സ്വദേശിയാണ് മരിച്ച ടി ഗോപകുമാർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ