തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്ക് പിന്നിലെ വൻ ശക്തികൾ പിടിയിലാകണമെന്ന് കേരളം ഒന്നടങ്കം ആഗ്രഹിച്ചതാണ്. ഒരു തരത്തിലുമുള്ള സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ നടൻ ദിലീപിനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ അത് ഏവരും സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാൽ ബലാത്സംഗം, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി ദിലീപനെ അറസ്റ്റ് ചെയ്തതിലും നവ മാധ്യമങ്ങളിലൂടെ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സംഘപരിവാർ അനുകൂല അക്കൗണ്ടുകൾ.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ഹിന്ദു ആയതുകൊണ്ടെന്ന പ്രചരണവുമായി സംഘപരിവാര്‍ രംഗത്ത് വന്നിരിക്കുന്നത്. പ്രത്യക്ഷത്തിൽ ദിലീപിനെതിരെ ബിജെപിയും മറ്റു സംഘപരിവാർ സംഘടനകളും പ്രതിഷേധങ്ങൾ നടത്തുമ്പോഴും സോഷ്യൽ മീഡിയകളിൽ വൻ തോതിൽ വിദ്യേഷ പ്രചാരണം നടത്താൻ സംഘപരിവാർ അനുകൂലികൾ ശ്രമിക്കുന്നുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. പ്രശസ്തത സംഘപരിവാർ ട്വിറ്റർ അക്കൗണ്ടായ ശംഖ്‌നാദിന്റെ കീഴിലുള്ള ശംഖ്‌നാദ്കേരള എന്ന ട്വിറ്റര്‍ ഐഡിയിലൂടെയാണ് ഹിന്ദു ആയതിന്റെ പേരില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന തരത്തിൽ പ്രചാരണം നടത്തുന്നത്.

28ന് ട്വീറ്റ് ചെയ്തിരിക്കുന്ന പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ‘കേരള ചലചിത്ര മേഖല നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ്. ഹിന്ദു നടന്‍ ദിലിപ് കേസിലേക്ക് വലിച്ചിഴക്കപ്പെടുകയാണ്’ എന്നാണ്. ഈ പോസ്റ്റില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരും വെളുപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്ത് അന്ന് പ്രവചിച്ചത് ശരിയായെന്നും കേരളത്തിലും ബംഗാളിലും ഹിന്ദു അഭിനേതാക്കളെ ജയിലിലാക്കുമെന്നും പറയുന്നു.

കേരള ഫിലിം ഇൻഡസ്ട്രി കുറവാളികളാൽ നിയന്ത്രിക്കപ്പെടുകയാണെന്നും ക്വട്ടേഷൻ സംഘങ്ങളെ വെച്ച് ഇവർ ഹിന്ദു താരങ്ങളെ ലക്ഷ്യം വെക്കുകയാണെന്നും ഇവർ പോസ്റ്റ് ചെയ്യുന്നു.

ജിഷ വധക്കേസിൽ പ്രതിയെ മുസ്‌ലിമായതു കൊണ്ട് രക്ഷപ്പെടുത്തുകയാണെന്നും ഇവർ ആരോപിക്കുന്നു.

വര്‍ഗീയ വിഷം വമിക്കുന്ന നിരവധി പോസ്റ്റുകളാണ് ഈ അക്കൗണ്ടില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഇവരുടെ വാദങ്ങൾ തള്ളിക്കളയുമെങ്കിലും കേരളത്തിന് പുറത്ത് കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നത് വ്യക്തമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ