ഇടുക്കി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകം വേദനിപ്പിക്കുന്നതെന്ന് പ്രൊഫസര്‍ ടി.ജെ.ജോസഫ്. ചോദ്യ പേപ്പര്‍ വിവാദത്തില്‍ മതതീവ്രവാദികള്‍ വെട്ടിയെറിഞ്ഞ വലതുകൈ അഭിമന്യുവിന്റെ മുഖം കാണുമ്പോള്‍ വീണ്ടും വേദനിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്നെ ദ്രോഹിച്ചവരോട് ക്ഷമിച്ചുവെങ്കിലും അഭിമന്യുവിന് സംഭവിച്ചത് ഇനിയൊരാള്‍ക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുവെന്ന് ടി.ജെ.ജോസഫ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹാരാജാസ് കോളേജില്‍ ഇതുപോലൊരു സംഭവമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

”അവിടെ ഇപ്പോഴും പഠിക്കുന്ന ഒരു കുട്ടിയാണ് ഞാനെന്ന് എനിക്ക് തോന്നാറുണ്ട്. അവിടത്തെ ഒരു വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകം എന്നെ സംബന്ധിച്ച് ഒരു സഹപാഠിയുടെ കൊലപാതകം പോലെതന്നെയാണ് എനിക്ക് അനുഭവപ്പെടുന്നത്, ” അദ്ദേഹം പറയുന്നു.

അതേസമയം, തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ജോസഫിന്റെ കൈ വെട്ടിയ സംഭവത്തിന്റെ എട്ടാം വാര്‍ഷികമായിരുന്നു ഇന്നലെ. അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൈവെട്ട് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ