കണ്ണൂർ: തിരഞ്ഞെടുപ്പ് അടുക്കും തോറും നേതാക്കളുടെ വാക്കുകളും അതിരു കടക്കുകയാണ്. എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് പിന്നാലെ മോശം പരാമർശത്തിന്റെ പേരിൽ വെട്ടിലായിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും. 48 കാരിയായ പ്രിയങ്കയെ യുവസുന്ദരിയെന്ന് വിശേഷിപ്പിക്കുന്ന എന്ന പരാമശമാണ് തിരിച്ചടിയായത്. തിങ്കളാഴ്ച കണ്ണൂരിൽ നടന്ന എൻഡിഎ കൺവെൻഷനിലായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം.

പ്രിയങ്ക ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. പ്രിയങ്കയ്ക്ക് 48 വയസുണ്ടെന്നും എന്നിട്ടും അവരെ വിശേഷിപ്പിക്കുന്നത് യുവസുന്ദരി എന്നാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതൽ പറയുന്നില്ല എന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

അതേസമയം സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പരാതി നല്‍കി. ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് രമ്യ പരാതി നല്‍കിയത്. വ്യക്തിപരമായ അധിക്ഷേപമാണ് വിജയരാഘവന്‍ നടത്തിയതെന്നും നടപടി സ്വീകരിക്കണമെന്നും രമ്യ പരാതിയില്‍ ആവശ്യപ്പെട്ടു.

എന്നാൽ രമ്യ ഹരിദാസിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതെ എൽഡിഎഫ്​ കൺവീനർ എ.വിജയരാഘവൻ. തന്റെ പ്രസ്​താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കോൺഗ്രസും ലീഗും തോൽക്കുമെന്നാണ്​ താൻ ഉദ്ദേശിച്ചതെന്നും വിജയരാഘവൻ വിശദീകരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ