സംവിധായകന്‍ പ്രിയനന്ദനനു നേരെ നടന്ന അക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംവിധായകന്‍ അക്രമിക്കപ്പെട്ട വിവരം താന്‍ ഇപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും എന്നാല്‍ അദ്ദേഹത്തിനു നേരെ ഒരുവിഭാഗം മുമ്പേ ഭീഷണികള്‍ മുഴക്കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ എത്രമാത്രം അസഹിഷ്ണുത വളരുന്നു എന്നതിന്റെ തെളിവാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രിയനന്ദനന്‍ അറിയപ്പെടുന്ന, ജനങ്ങള്‍ ആദരിക്കുന്ന കലാകാരനാണെന്നും ഉല്‍പതിഷ്ണുകള്‍ക്ക് ജീവന് ഭീണി ഉയരുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ഭീഷണികള്‍ ഉയരുന്നത് സംഘപരിവാറില്‍ നിന്നാണെന്നും എന്നാല്‍ ഇത്തരം അക്രമങ്ങള്‍ കേരളത്തില്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ സരോവര്‍ എന്നയാളാണ് പ്രിയനന്ദനനെ അക്രമിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃശൂരിലെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. ചാണക വെള്ളം ദേഹത്ത് ഒഴിച്ചതിന് ശേഷം തലയ്ക്ക് ആഞ്ഞടിയ്ക്കുകയായിരുന്നു എന്ന് പ്രിയനന്ദന്‍ പറഞ്ഞു. തനിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പ്രിയനന്ദനന്‍ ഇട്ട കുറിപ്പ് വലിയ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുകയും ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് പ്രിയനന്ദനന്‍ പിന്‍വലിക്കുകയും ചെയ്തു.

പ്രിയനന്ദനന് ഉണ്ടായിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ആക്രമണം. ആക്രമണത്തിന് പിന്നാലെ പ്രിയനന്ദനന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഈ ആക്രമണത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ