നിലമ്പൂര്‍: മലപ്പുറം കവളപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 20 പേര്‍ക്ക്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. 20 മൃതദേഹമാണ് ഇതുവരെയുള്ള തെരച്ചിലില്‍ കണ്ടെത്തിയത്. കരളലിയിക്കുന്ന വിധമാണ് പല മൃതദേഹവും ലഭിച്ചത്. അതില്‍ പ്രിയദര്‍ശന്റെ മൃതദേഹം ലഭിച്ചത് വീടിന് മുന്നിലെ ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന തരത്തിലായിരുന്നു. അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് ബൈക്കില്‍ വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴാണ് ഉരുള്‍പൊട്ടി വന്നതെന്ന് ദൃക്സാക്ഷിയായ സുഹൃത്ത് പറയുന്നു.

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ദുരന്തം ഉണ്ടാകുന്ന സമയത്തിന് തൊട്ടുമുന്‍പാണ് പ്രിയദര്‍ശന്‍ വീട്ടിലേക്ക് പോയത്. പത്ത് മിനിറ്റ് കൂടി കഴിഞ്ഞിട്ട് പോകാമെന്ന് സുഹൃത്ത് പറഞ്ഞെങ്കിലും അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് പ്രിയദര്‍ശന്‍ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു. എന്നാല്‍, ബൈക്കില്‍ നിന്ന് ഇറങ്ങും മുന്‍പ് ഉരുള്‍പ്പൊട്ടലുണ്ടായി. ബൈക്കില്‍ തന്നെ ഇരിക്കുന്ന തരത്തിലായിരുന്നു മൃതദേഹം. മഴക്കോട്ടും, ഹെൽമറ്റും ധരിച്ചിട്ടുണ്ടായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Read Also: ഇന്നസെന്റ് ഒരു വര്‍ഷത്തെ എംപി പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന കാറിനും വീടിന്റെ ചുമരിനും ഇടയിലായിരുന്നു ബൈക്ക്. കാലുകൾ ബൈക്കിനകത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തതെന്ന് നാട്ടുകാർ പറയുന്നു. നല്ല മഴയായതിനാലാണ് റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചിട്ടുണ്ടായിരുന്നത്. ബെക്കുമായി വീട്ടിലേക്ക് കയറിയതും മലവെള്ളപ്പാച്ചിലുണ്ടായി. ബെെക്കിൽ നിന്ന് പ്രിയദർശൻ ഇറങ്ങുക പോലും ചെയ്തിരുന്നില്ല.

പ്രിയദര്‍ശന്റെ അമ്മയും അമ്മൂമ്മയുമായിരുന്നു ദുരന്ത സമയത്ത് വീട്ടിലുണ്ടായിരുന്നത്. അമ്മ രാഗിണിയുടെ മൃതദേഹം നേരത്തെ പുറത്തെടുത്തു. അമ്മൂമ്മയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. 39 പേരെയാണ് കവളപ്പാറയിൽ നിന്ന് ഇനി കണ്ടെത്താനുള്ളത്.

ദേശീയ ദുരന്ത നിവാരണ സേനയടക്കം രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ടെങ്കിലും കല്ലും മണ്ണും മരവും കൂടി പുതഞ്ഞ് കിടക്കുന്ന പ്രദേശത്ത് രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. വലിയ രീതിയിൽ മണ്ണടിഞ്ഞിരിക്കുന്നതിനാൽ തന്നെ ഇത് മാറ്റുന്നതിന് ആവശ്യമായ ഉപകരണങ്ങളോ സൗകര്യങ്ങളോ ഇല്ലായെന്നതും രക്ഷാപ്രവർത്തനത്തിന് പ്രതികൂല ഘടകങ്ങളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.