തിരുവനന്തപുരം: പ്രിയ വര്‍ഗീസിന്റെ നിയമന വിഷയത്തില്‍ ഹൈക്കോടതി വിധി മാനിക്കുന്നതായി മന്ത്രി ആര്‍. ബിന്ദു. അസോസിയേറ്റഡ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരുകാലത്തും ഇടപെട്ടിട്ടില്ലെന്നും വിഷയത്തില്‍ മറുപടി പറയേണ്ടത് കണ്ണൂര്‍ സര്‍വകലാശാലയാണെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോ. പ്രഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി തള്ളിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
പ്രിയ വര്‍ഗീസിന്റെ പിഎച്ച്ഡി കാലം പ്രവര്‍ത്തി പരിചയമായി കണക്കാക്കേണ്ടതുണ്ടോ എന്നതില്‍ വൈസ് ചാന്‍സിലര്‍ക്ക് എജിയോട് നിയമപദേശം തേടാമായിരുന്നു എന്ന കോടതിയുടെ പരാമര്‍ശം ഏതുതരത്തിലും വ്യാഖ്യാനിക്കാമല്ലോ എന്നും മന്ത്രി ചോദിച്ചു. പ്രിയ വര്‍ഗീസിന് അസോ. പ്രഫസറാകാന്‍ മതിയായ യോഗ്യതയില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമനം നല്‍കിയ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്നും ഉത്തരവിട്ടു.
എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്ററായുള്ള കാലയളവ് അധ്യാപനമായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറായ കാലയളവും അധ്യാപന പരിചയമല്ല. ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടര്‍ പദവി അധ്യാപന പദവിയല്ല. അസി. പ്രഫസര്‍ തസ്തികയില്‍ ആവശ്യമായ കാലം പ്രിയ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.