scorecardresearch
Latest News

അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദം: വിശദീകരണ കുറിപ്പില്‍ തിരുത്തുമായി പ്രിയാ വര്‍ഗീസ്

സര്‍വകലാശാല റിസര്‍ച്ച് സ്‌കോര്‍ പരിശോധിച്ചിട്ടില്ലെന്ന മുന്‍ നിലപാട് തിരുത്തിയാണ് പ്രിയ വര്‍ഗീസിന്റെ പുതിയ വിശദീകരണ കുറിപ്പ്

desktop-crop

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദം സംബന്ധിച്ച വിശദീകരണ കുറിപ്പില്‍ തിരുത്തുമായി പ്രിയാ വര്‍ഗീസ്. വിവരാവകാശരേഖ എന്നുപറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികള്‍ ഇപ്പോള്‍ത്തന്നെ തുറന്നുകാട്ടേണ്ടതുണ്ടെന്ന് പറഞ്ഞായിരുന്നു പ്രിയാ വര്‍ഗീസ് ഇന്നലെ കുറിപ്പിട്ടത്. എന്നാല്‍ നിയമന നടപടികളുടെ ഭാഗമായി സര്‍വകലാശാല റിസര്‍ച്ച് സ്‌കോര്‍ പരിശോധിച്ചിട്ടില്ലെന്ന മുന്‍ നിലപാട് തിരുത്തിയാണ് പ്രിയ വര്‍ഗീസിന്റെ പുതിയ വിശദീകരണ കുറിപ്പ്.

”651എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളില്‍ ഇറക്കുമതി ചെയ്ത റിസര്‍ച്ച് സ്‌കോര്‍ അവകാശവാദങ്ങള്‍ സര്‍വ്വകലാശാല ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തി അംഗീകരിച്ചു തന്നതല്ല എന്നാണ് ഉദ്ദേശിച്ചത്. സര്‍വ്വകലാശാലാ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ആറു പേരുടെയും 75പോയിന്റ് വരെയുള്ള അവകാശവാദങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. 2018 യു. ജി. സി റെഗുലേഷന്‍ പ്രകാരം അതേ ചെയ്യേണ്ടതുമുള്ളൂ. പരിശോധിച്ച പ്രബന്ധങ്ങള്‍ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ചു കൊടുത്തിട്ടും ഉണ്ട്.അഭിമുഖ പരീക്ഷയില്‍ എന്നോട് അവ സംബന്ധിച്ച ചോദ്യങ്ങള്‍ ചിലര്‍ ചോദിച്ചതിന്റെ കൂടി വെളിച്ചത്തില്‍ ആണ് ഞാന്‍ ഇതു പറയുന്നത്. എന്നാല്‍ 75നു മുകളില്‍ അവകാശപ്പെട്ട സ്‌കോറിറന്റെ കാര്യത്തില്‍ അത് ഉണ്ടായിട്ടില്ല എന്നാണ് ”ഞാന്‍ ഇന്നലത്തെ പോസ്റ്റില്‍ പറഞ്ഞതെന്നും പ്രിയ വര്‍ഗീസ് കുറിക്കുന്നു.

ഇന്റര്‍വ്യൂവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് ലിസ്റ്റ് എന്ന് ആവര്‍ത്തിക്കുന്നതാണെന്ന വാദംതന്നെയാണ് അവര്‍ പുതിയ ഫേയ്സ്ബുക്ക് കുറിപ്പിലും ആവര്‍ത്തിക്കുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ പ്രിയാ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ ഏറെ പിറകിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ വിവരാവകാശ രേഖമൂലം പുറത്തുവന്ന റിസര്‍ച്ച് സ്‌കോര്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആണെന്നായിരുന്ന പ്രിയ വര്‍ഗീസ് കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയക്ക് ഒന്നാംറാങ്ക് നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്റര്‍വ്യൂ നടത്തിയത് എന്ന ആരോപണം വന്‍ വിവാദത്തിലേക്ക് എത്തിക്കുകയായിരുന്നു.

പ്രിയക്ക് ഒന്നാംറാങ്ക് നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്റര്‍വ്യൂ നടത്തിയതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച വിവരവകാശ രേഖകള്‍ പുറത്തു വന്ന പശ്ചാത്തലത്തിലാണ് പ്രിയാ വര്‍ഗീസിന്റെ വിശദീകരണ കുറിപ്പ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Priya varghese explanation about appointment controversy