കൊച്ചി: ഡോ. പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ഒരു മാസത്തേക്കു കൂടി നീട്ടി. നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ യു ജി സി നിലപാട് അറിയിച്ചതോടെയാണു സ്റ്റേ നീട്ടിയത്.
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെന്നു യു ജി സി ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ മതിയായ യോഗ്യതകളില്ലാതെയാണു നിയമിച്ചതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. പട്ടികയില്രണ്ടാമതുള്ള ചങ്ങനാശേരി എസ് ബി കോളജിലെ മലയാളം അധ്യാപകന് ഡോ. ജോസഫ് സ്കറിയയാണു കോടതിയെ സമീപിച്ചത്.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപനപരിചയം പ്രിയാ വര്‍ഗീസിനില്ലെന്നു ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, പ്രിയ വര്‍ഗീസിന്റെ നിയമനം ഓഗസ്റ്റ് 22നു സ്റ്റേ ചെയ്തിരുന്നു. കേസില്‍ യു ജി സിയെ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടിരുന്നു.
പ്രിയ വര്‍ഗീസിന് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചപ്പോഴാണ് ജോസഫ് സ്കറിയ റാങ്ക് പട്ടികയില്‍ രണ്ടാമതായത്. 2018 ലെ യുജിസി വ്യവസ്ഥ അനുസരിച്ച് റിസര്‍ച്ച് സ്കോറും അംഗീകൃത പ്രസിദ്ധീകരണങ്ങളും പരിശോധിക്കാതെയാണ് വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സെക്ഷന്‍ കമ്മിറ്റി പ്രിയ വര്‍ഗീസിന് ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതെന്നു ഹര്ജിക്കാരന് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയയ്ക്ക് ഒന്നാംറാങ്ക് നല്കാന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന് കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്റര്‍വ്യൂ നടത്തിയതെന്ന ആരോപണം വന്‍ വിവാദത്തിലേക്ക് എത്തിക്കുകയായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്കു നല്കിയ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അടുത്തിടെ റദ്ദാക്കിയിരുന്നു. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വാദം തള്ളിക്കൊണ്ടാണു നിയമന റാങ്ക് പട്ടിക ഗവര്‍ണര്‍ റദ്ദാക്കിയത്.
സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം നടക്കുകയാണെന്നും തനിക്കു ചാന്‍സലറുടെ അധികാരമുള്ള കാലത്തോളം അത് അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗുരുതര ചട്ട ലംഘനവും ക്രമക്കേടുകളും സ്വജന പക്ഷപാതവും നടന്നുവെന്നു പ്രഥമദൃഷ്ട്യാ ബോധ്യമായെന്നും ചട്ടലംഘന പരമ്പരയാണു സര്‍വകലാശാലയില്‍ നടക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.