ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിനായി വിട്ടുനല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ കക്ഷി യോഗം വിളിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഇന്ന് വൈകിട്ട് നാല് മണിക്കാണ് യോഗം നടക്കുന്നത്.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി കേന്ദ്രം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാന സർക്കാർ കോടതിയിൽ ചോദ്യം ചെയ്യും. കേസ് നിലനിൽക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടായിരിക്കും കോടതിയിൽ ഉന്നയിക്കുക.

Read More: പകൽക്കൊള്ള, ജനങ്ങളോടുള്ള വെല്ലുവിളി; വിമാനത്താവള സ്വകാര്യവൽക്കരണത്തിൽ നിന്നു കേന്ദ്രം പിന്മാറണമെന്ന് കടകംപള്ളി

കേരളത്തിന്റെ തുടര്‍ച്ചയായ അഭ്യര്‍ഥനകള്‍ അവഗണിച്ചാണ് കേന്ദ്ര മന്ത്രിസഭ ഇതുസംബന്ധിച്ച തീരുമാനം എടുത്തതെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായ തീരുമാനം നടപ്പാക്കുന്നതുമായി സഹകരിക്കാന്‍ സംസ്ഥാനത്തിന് ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More: കോവിഡ് രോഗികളുടെ ഫോൺവിളി വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് സർക്കാർ

വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.

പൊതു – സ്വകാര്യ പങ്കാളിത്തം പരിഗണിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചിരുന്നു. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രധാന ഓഹരി ഉടമയായ സംവിധാനത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു.

Read More: പുറത്തുനിന്നുള്ളവ വേണ്ട, പൂക്കളമൊരുക്കാൻ അതാത് പ്രദേശത്തെ പൂക്കൾ: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരും വ്യോമയാന മന്ത്രാലയവും 2003 ല്‍ കേരളത്തിന് നല്‍കിയ ഉറപ്പിന് വിരുദ്ധമാണ് തീരുമാനം. പ്രധാനമന്ത്രി മോദിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയത്തില്‍ തനിക്ക് ഉറപ്പുകള്‍ നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

trivandrum airport,തിരുവനന്തപുരം വിമാനത്താവളം,സര്‍ക്കാര്‍,കോടതി,court,government, iemalayalam, ഐഇ മലയാളം

ടെൻഡറിന് അനുസരിച്ചുളള നടപടികൾ നിയമപരമായി കൈക്കൊളളുകയായിരുന്നുവെന്ന് കേന്ദ്രം വാദിക്കുമ്പോള്‍ തീരുമാനം നിയമവിരുദ്ധമെന്നാണ് സർക്കാർ നിലപാട്. രാജ്യാന്തര ടെര്‍മിനലിന്റെ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 23.57 ഏക്കര്‍ സ്ഥലമാണ് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സൗജന്യമായി കൈമാറിയത്. ഭൂമിയുടെ വില ഓഹരിമൂല്യമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇത്.

സംസ്ഥാനം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച നടപടികളുമായി സഹകരിക്കാന്‍ സംസ്ഥാനത്തിന് ബുദ്ധിമുട്ടാണ്. അതിനാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ഒന്നരവർഷത്തോളം സമരം ചെയ്ത വിമാനത്താവള ജീവനക്കാർ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.