ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളം ഉടന്‍ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. എംപിമാരായ രമ്യ ഹരിദാസ്, എം.കെ.രാഘവന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ മാത്രമാണ് തത്വത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് മന്ത്രിസഭ യോഗത്തില്‍ മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ കേരളത്തിലുള്ള എംപിമാരുടെ യോഗം വിളിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ചില സുപ്രധാന തീരുമാനങ്ങളാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ എടുത്തിട്ടുള്ളത്. ജമ്മു കാശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നതാണ് ബില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലികളിലും പത്ത് ശതമാനം സംവരണം ആയിരിക്കു ഇതുവഴി ലഭിക്കുക. തിങ്കളാഴ്ചയാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. മറ്റ് സുപ്രധാന കാര്യങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 31 ല്‍ നിന്ന് 33 ആയി ഉയര്‍ത്തും. ചീഫ് ജസ്റ്റിസ് അടക്കം നിലവില്‍ 31 പേരാണ് ജഡ്ജിമാരായി ഉള്ളത്. കേസുകളുടെ ആധിക്യം വര്‍ധിച്ചതിനാലാണ് ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.