കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ ഫീസ് കേസ് നടത്തിപ്പിന് വ്യാപക പണപ്പിരിവ് നടക്കുന്നതായി ശ്രദ്ധയിൽപെട്ടെന്ന് ഹൈക്കോടതി. ഇത് ഗൗരവമായി കണക്കിലെടുക്കുമെന്നും ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നും കോടതി വ്യക്തമാക്കി. മെഡിക്കൽ കോളേജുകൾക്കായി ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന ചോദ്യം ചെയ്ത് മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

വിദ്യാർഥികളിൽ നിന്നും ഒരു സംഘടന പണം പിരിക്കുന്നതായുളള വാട്സ്ആപ് സന്ദേശങ്ങളും മെസേജും ഓഡിയോ സന്ദേശങ്ങളും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് കെ.വിനോദ ചന്ദ്രനും വി.ജി.അരുണും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഇടപെടൽ. വിദ്യാർഥികളിൽ നിന്നും എന്തടിസ്ഥാനത്തിലാണ് പണം പിരിക്കുന്നതെന്നും ഇത് നിയമ വിരുദ്ധമാണെന്നും ഇക്കാര്യത്തിൽ സർക്കാരിന് എന്താണ് പറയാനുള്ളതെന്നും കോടതി ആരാഞ്ഞു.

Read Also: യൂണിവേഴ്‌സിറ്റി കോളേജ്: കെഎസ്‌യുക്കാരുടെ പത്രികകള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഒരു സംഘടനയുടെ പേരിൽ വ്യാപക പണപ്പിരിവു നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചു. ഈ സംഘടനയെ ഒരു കേസിൽ കോടതി കക്ഷി ചേർത്തിട്ടുണ്ടെന്ന് ഒരു മാനേജ്മെന്റിന്റെ അഭിഭാഷകൻ വാദത്തിനിടെ കോടതിയിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേർത്തു എന്നതുകൊണ്ട് പണപ്പിരിവ് നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.