ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജ് ഫീസ് കൂട്ടാൻ അനുമതി. 11 ലക്ഷം രൂപ വരെ വാങ്ങി പ്രവേശനം നടത്താൻ സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് സുപ്രീംകോടതി അനുമതി നൽകി. ഹൈക്കോടതിയുടെ അന്തിമ വിധിവരുന്നത് വരെ ഫീസ് തുടരാമെന്നുമാണ് ഉത്തരവ്. അഞ്ചുലക്ഷം രൂപ പണമായും ബാക്കി പണമോ ബാങ്ക് ഗ്യാരന്റിയോ ആയി ഈടാക്കാം. അധികം വരുന്ന തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും സുപ്രീംകോടി വ്യക്തമാക്കി.

സ്വാശ്രയ മഡിക്കൽ ഫീസുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചിരുന്നു. ജനറൽ സീറ്റിലെ ഫീസ് 5 ലക്ഷം രൂപയായും എൻആർഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയുമായാണ് സർക്കാർ നിശ്ചയിച്ചത്. ഇതിനെതിരെ സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മാനേഡ്മെന്റുകളുടെ ഹർജി തളളിയ ഹൈക്കോടതി നിലവിലുള്ള ഫീസ് ഘടന തുടരാമെന്ന് അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി ഉത്തരവിനെതിരെ സ്വാശ്രയ മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ അന്തിമ വിധി വൈകുന്നതിനാൽ പ്രവേശന നടപടികൾ പ്രതിസന്ധിയിലാണെന്നും 5 ലക്ഷം രൂപയ്ക്ക് പ്രവേശനം നൽകാൻ സാധിക്കില്ലെന്നുമാണ് മാനേജ്മെന്റുകൾ സുപ്രീംകോടതിയെ അറിയിച്ചത്. തുടർന്നാണ് 11 ലക്ഷം രൂപ ഫീസ് വാങ്ങി പ്രവേശനം നടത്താൻ മാനേജുമെന്റുകൾക്ക് താൽക്കാലിക അനുമതി സുപ്രീംകോടതി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ