തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് കനത്ത പ്രതിസന്ധിക്ക് വഴിയൊരുക്കി സ്വകാര്യ സ്വാശ്രയ കോളജുകൾ. കേരളത്തിലെ പണം വിദ്യാഭ്യാസ ആവശ്യത്തിനായി പുറത്തേയ്ക്ക് പോകുന്നു എന്ന വാദമുയർത്തി കേരളത്തിലാരംഭിച്ച സ്വാശ്രയ കോളജുകൾ ഇന്ന് കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്.

വിദ്യാഭ്യാസത്തിന്റെ മറവിൽ പണം കൊയ്യാനുളള​ വ്യമോഹങ്ങൾക്ക് പൂട്ട് വീഴുകയാണ് ഒന്നരപതിറ്റാണ്ട് പിന്നിടുമ്പോൾ. കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളജുകളിൽ ആകെയുളള മെറിറ്റ് സീറ്റുകളുടെ എണ്ണം ഏകദേശം 22,600 ആണ്. അതിൽ ഇത്തവണ പ്രവേശനം നേടാൻ താൽപര്യം കാണിച്ചിരിക്കുന്നത് വെറും 7,300 ഓളം വിദ്യാർത്ഥികൾ മാത്രമാണ്. അതായത് മൊത്തം മെറിറ്റ് സീറ്റിന്റെ മൂന്നിൽ ഒന്നിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് സ്വകാര്യ സ്വാശ്രയ കോളേജുകളെ ആശ്രയിച്ചിരിക്കുന്നത്.

ഏകദേശം 15,300 ഓളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. മെറിറ്റിൽ ഇത്രയും സീറ്റ് ഒഴിഞ്ഞു കിടക്കുന്ന കോളേജുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ എത്രപേർ ചേരുമെന്നത് കണ്ടറിയേണ്ട വസ്തുതയാണ്. ഇപ്പോൾ ചേർന്നിരിക്കുന്ന അതും വിരലിലെണ്ണാവുന്ന സ്വാശ്രയ കോളേജുകളിൽ ചില കോഴ്സുകളിൽ മാത്രമേ പ്രവേശനം നടന്നിട്ടുളളൂവെന്നാണ് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്.

രണ്ടാം ഘട്ട ഓപ്ഷൻ പൂർത്തിയായി കഴിഞ്ഞപ്പോൾ പുറത്തുവന്ന കണക്കുകളിൽ നിന്നും മനസ്സിലാകുന്നത് സർക്കാർ ക്വാട്ട ഒരു സീറ്റിൽ പോലും കുട്ടികൾ ഓപ്ഷൻ നൽകാത്ത മൂന്ന് കോളേജുകൾ ഉണ്ടെന്നാണ്. ഈ മൂന്ന് കോളേജുകളിലായി സർക്കാർ മെറിറ്റ് ക്വാട്ടപ്രകാരം 529 സീറ്റുകളാണ് ഉളളത്. ഒരു കുട്ടിപോലും ഈ മൂന്ന് കോളേജുകളിലും ഈ വിഭാഗത്തിൽ നിന്നും ചേർന്നിട്ടില്ല. അതായത് ഓപ്ഷൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ വർഷം മൂന്ന് സ്വകാര്യ സ്വശ്രയ എൻജിനിയറിങ് കോളേജുകൾ കേരളത്തിൽ​ പൂട്ടുന്നതിനായി നീക്കം ആരംഭിച്ചിരുന്നു. ഇപ്പോഴത്തെ രണ്ടാം ഘട്ട ഓപ്ഷൻ കണക്കുകൾ പുറത്തുവരുമ്പോൾ മറ്റ് മൂന്ന് സ്വകാര്യ സ്വാശ്രയ എൻജിയറിങ് കോളേജുകൾക്ക് കൂടെ താഴ് വീഴുമെന്നാണ് കണക്കുകൾ പറയുന്നത്.

ആകെ 108 സ്വകാര്യ സ്വാശ്രയ കോളേജുകളുടെ കണക്കുകൾ പരിശോധിച്ചപ്പോൾ 86 കോളേജുകളിലും സർക്കാർ ക്വാട്ടയിലെ വിദ്യാർത്ഥികളിൽ 50 ശതമാനം പോലും പ്രവേശനത്തിന് താൽപര്യം കാണിച്ചിട്ടില്ല എന്നതാണ് വ്യക്തമാക്കുന്നത്. 27 സ്വകാര്യ സ്വാശ്രയ കോളേജുകളിൽ 90 ശതമാനം സർക്കാർ സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഇതിൽ മൂന്നെണ്ണത്തിൽ നൂറ് ശതമാനവും. 80 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന കോളേജുകളും 27 എണ്ണമാണ്. 18 സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ഒഴിഞ്ഞു കിടക്കുന്ന സർക്കാർ സീറ്റുകളുടെ എണ്ണം 70 മുതൽ 80 ശതമാനം വരെയാണ്. 50 നും 60 നും ഇടയ്ക്ക് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന 11 സ്വകാര്യ സ്വാശ്രയ കോളേജുകളാണ് ഉളളത്. പത്ത് ശതമാനത്തിൽ ​താഴെ മാത്രം സർക്കാർ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന അതായത് 90 ശതമാനത്തോളം പ്രവേശനം ഈ​ ക്വാട്ടയിൽ നടന്ന നാല് കോളേജുകൾ മാത്രമാണ് രണ്ടാംഘട്ട ഓപ്ഷൻ കഴിയുമ്പോൾ സ്വകാര്യ സ്വാശ്രയ മേഖലയിൽ അവശേഷിക്കുന്നത്. പത്ത് ശതമാനം മുതൽ 50 ശതമാനം വരെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന 15 കോളേജുകളാണ് ഉളളത്.

അതായത് 50 ശതമാനത്തിലേറെ സർക്കാർ സീറ്റുകൾ പോലും കുട്ടികളില്ലാത്ത കോളേജുകളാണ് കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ ഭൂരിപക്ഷവും. ഒരു സ്വകാര്യ സ്വാശ്രയ കോളേജ് ഏറ്റവും കുറഞ്ഞ ചെലവിൽ നടത്തണമെങ്കിൽ ഓരോ വർഷവും മൂന്നൂറ് വിദ്യാർത്ഥികളെങ്കിലും കോളേജിൽ ഉണ്ടാകേണ്ടതുണ്ടെന്നാണ് ഇത് സംബന്ധിച്ച കണക്കുകളെ അടിസ്ഥാനമാക്കി സാമ്പത്തിക രംഗത്തുളളവർ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ​ കേരളത്തിൽ നിലവിലുളള സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ഭൂരിപക്ഷവും അധികം വൈകാതെ താഴിടേണ്ടി വരുമോ എന്ന സംശയമാണ് ഉയരുന്നത്.

കേരളത്തിലെ വിദ്യാർത്ഥി അനുപാതമോ അവരുടെ കഴിവോ താൽപര്യമോ പരിഗണിക്കാതെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ച അബദ്ധത്തിന്റെ തുടർച്ചയാണ് ഈ സ്ഥാപനങ്ങളുടെ തകർച്ച കാണിക്കുന്നത്. കേരളത്തിൽ നിന്നും ഇന്നും വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിൽ എൻജിനീയറിങ് പഠിക്കാൻ പോകുന്നുവെന്ന വസ്തുത കൂടെ ഇതിനൊപ്പം ചേർത്ത് വായിക്കുമ്പോഴാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് വഴിയൊരുക്കിയ ഈ നടപടി ഇന്ന് ചെന്നെത്തി നിൽക്കുന്ന ദുരന്തം വ്യക്തമാകുകയെന്ന് സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഒരു അധ്യാപകൻ ചൂണ്ടികാണിക്കുന്നു.

ഗുണമേന്മയിൽ കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസം വളരെ വലിയ പ്രതിസന്ധി നേരിടുകയാണെന്ന കാര്യം അധ്യാപക രംഗത്തുളള​ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. പരസ്യമായി പറഞ്ഞാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. എന്നാൽ സ്വാശ്രയ വിദ്യാഭ്യാസം കേരളത്തിലെ ഗുണമേന്മ ഇല്ലാതാക്കി എന്നത് വസ്തുതയാണ്. ഈ മേഖലയിൽ ആപ്റ്റിറ്റ്യൂഡ് ഇല്ലാത്ത ഒട്ടേറെപ്പേർ വന്നു. പലരും കോഴ്സ് പോലും പൂർത്തിയാക്കിയില്ല. ഇപ്പോൾ അൺ എയിഡഡ് സ്കൂളുകളിലെ ചെറിയ ക്ലാസുകളിൽ അധ്യാപകരായി പോലും എൻജിനീയറിങ് ബിരുദ ദാരികളെ കാണാവുന്നതാണ് കേരളത്തിന്റെ അവസ്ഥ. എൻജിനീയറിങ് ബിരുദം കൊണ്ട് മാത്രം ലുക്കറേറ്റീവ് ആയ ജോലികൾ നേടാൻ ഒരാൾക്ക് സാധിക്കില്ലെന്ന് ആരും മനസ്സിലാക്കുന്നില്ല അവർ പറയുന്നു.

ഇത് വിദ്യാർത്ഥികൾ തിരച്ചറിഞ്ഞതാണ് ഇപ്പോൾ സ്വകാര്യ സ്വാശ്രയ കോളേജുകൾ ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. തങ്ങളുടെ കഴിവ്, താൽപര്യം എന്നിവ അടിസ്ഥാനമാക്കിയും തൊഴിൽ സാധ്യയുളളതുമായ കോഴ്സുകളാണ് അവരിൽ ഭൂരിപക്ഷവും കഴിഞ്ഞ അഞ്ച് വർഷത്തോളമായി ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇതോടെ കേരളത്തിൽ കൂണുപോലെ മുളച്ച സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളേജുകളുടെ ശനിദശ ആരംഭിച്ചു.

നാല് വർഷങ്ങൾക്കു ശേഷം വീണ്ടും എൻജിനീയറിങ്ങിന് ആവശ്യക്കാരുണ്ടാകുമെന്നും അന്ന് സ്വാശ്രയ എൻജിനീയറിങ് കോളേജുകളുടെ പ്രസക്തി മനസ്സിലാകുമെന്നുമാണ് അതിനെ അനുകൂലിക്കുന്ന മാനേജ്മെന്റ് ഭാഗത്തുനിന്നുളളവരുടെ വാദം. എന്നാൽ ഇവിടെ നിന്നുളള വിരലിലെണ്ണാവുന്ന വിജയഗാഥകളെ പൊലിപ്പിക്കുന്നതല്ലാതെ പൊലിഞ്ഞു വീണ ആയിരക്കണക്കിന് ജീവിതങ്ങളുടെ കഥകളാരും എഴുതാത്തതാണ് ഇപ്പോഴും ഈ വീമ്പുപറയാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് ഒരു സ്വാശ്രയ കോളേജ് അധ്യാപകൻ അഭിപ്രായപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.