തിരുവനന്തപുരം: സ്വാശ്രയ കോളജിലെ പല കോഴ്സിലും ചേരാൻ വിദ്യാർത്ഥികളില്ല. പല സ്വകാര്യ സ്വാശ്രയ കോളേജുകളിലും കോഴ്സുകളിൽ മുഴുവൻ സീറ്റുകളും ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണ് നിലവിൽ. രണ്ടാം ഘട്ട അലോട്ട്മെന്റ് കഴിയുമ്പോഴേയ്ക്കും കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് പകുതിയിലേറെ സീറ്റുകൾ ഇത്തവണ ഒഴിഞ്ഞു കിടക്കുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കുന്നതായിരിക്കും ഇത്.
കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. കേരളത്തിൽ ഇപ്പോൾ അടച്ചു പൂട്ടിക്കഴിഞ്ഞ സ്വാശ്രയ എൻജിനീയറിങ് കോളേജുകളുടെ എണ്ണം പത്തോളം വരും. ഇതിന്റെ എണ്ണം വർധിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഇതേസമയം, സർക്കാർ കോളേജുകളോടും എയിഡഡ് കോളേജുകളോടും വിദ്യാർത്ഥികൾ വളരെയധികം താൽപര്യം കാണിക്കുന്നുണ്ട്. ഒരു പരിധിവരെ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളോടും താൽപര്യം കാണിക്കുന്നുണ്ട്. എന്നാൽ വിരലിലെണ്ണാവുന്ന സ്വാശ്രയ കോളേജുകൾ മാത്രമാണ് വിദ്യാർത്ഥികളുടെ താൽപര്യപ്പട്ടികയിൽ ഉൾപ്പെടുന്നത്.

ആകെ കേരളത്തിലുളള സീറ്റിൽ പകുതിയോളം സീറ്റുകളിൽ മാത്രമാണ് അലോട്ട്മെന്റ് നടന്നത്. ബാക്കി പകുതിയോളം സീറ്റുകൾ കുട്ടികൾ ഓപ്ഷൻ പോലും നൽകിയില്ല. പൂട്ടിയ കോളേജുകളിലെ സീറ്റുകൾ കൂടി കണക്കിലെടുത്താൽ ഈ സീറ്റുകളുടെ എണ്ണം കൂടും. നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം 17,020 സീറ്റുകളിലേയ്ക്കാണ് രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തിയാകുമ്പോൾ കുട്ടികൾ ഉളളൂ. അതായത് പതിനാറായിരത്തോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ലഭ്യമാകുന്ന കണക്കുകൾ പരിശോധിച്ചാൽ ഇത് ഏകദേശം 15,992 സീറ്റുകൾ. മൂന്നാംഘട്ട അലോട്ട്മെന്റ് കഴിയുമ്പോൾ ഈ സ്ഥിതി വീണ്ടും മോശമാകുമെന്നാണ് കരുതുതന്നത്.
അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ എന്ന വളരെയധികം വിദ്യാർത്ഥികളെ ആകർഷിക്കുന്ന കോഴ്സിലേയ്ക്കുളള പ്രവേശന ലിസ്റ്റ് നോക്കിയാൽ മതി സ്വകാര്യ സ്വാശ്രയ കോളേജുകളിലേയ്ക്കുളള ആശ്രയം കുട്ടികൾ ഒഴിവാക്കുന്നത് കാണാൻ സാധ്യമാകും. ഈ കോഴ്സുളള എട്ട് സ്വകാര്യ സ്വാശ്രയ കോളേജുകളിൽ രണ്ടെണ്ണത്തിൽ ഒരു കുട്ടിപോലും ചേർന്നിട്ടില്ല. സ്റ്റേറ്റ് മെറിറ്റിലുളള കുട്ടികളോ സംവരണപ്രകാരം പ്രവേശനം ലഭിക്കുന്ന കുട്ടികളോ ചേർന്നിട്ടില്ല എന്നതാണ് സ്ഥിതി. ഇതുളള മറ്റ് ആറ് കോളേജുകളിലെ സ്ഥിതി സ്റ്റേറ്റ് മെറിറ്റിലുളള കുട്ടികൾ മാത്രമാണ് പ്രവേശനം നേടിയിട്ടുളളത്. ഈ അവസ്ഥ സിവിൽ എൻജിനീയറിങ് വരെയുളള മിക്കവാറും എല്ലാ കോഴ്സിന്റെ ലിസ്റ്റിലും ദൃശ്യമാണ്.
ഈ ലിങ്കിൽ കുട്ടികളും തിരഞ്ഞെടുത്ത കോഴ്സുകളും കാണാം :
ഈ വര്‍ഷം ആകെ 90,233 കുട്ടികളാണ് പ്രവേശന പരീക്ഷയെഴുതിയത്. ഇതില്‍ 46,686 കുട്ടികളാണ് എന്‍ജിനീയറിങ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയത്. ആൺകുട്ടികളാണ് പരീക്ഷയെഴുതിവരുടെ എണ്ണത്തിൽ കൂടുതൽ. ഇതിൽ പ്രവേശന പരീക്ഷ ക്വാളിഫൈ ചെയ്‌തത് പെൺകുട്ടികളുടെ എണ്ണമായിരുന്നു കൂടുതൽ. എന്നാൽ റാങ്ക് ലിസ്റ്റ് വന്നപ്പോൾ വീണ്ടും ആൺകുട്ടികളായി കൂടുതൽ.

)
കേരളത്തിൽ നാൽപ്പതിനായിരത്തോളം സീറ്റുകളാണ് ഗവൺമെന്റ്, എയിഡഡ്, ഗവ: നിയന്ത്രിത സ്വാശ്രയ കോളേജുകൾ, സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവയിലായി ഉളളത്. ഇതിൽ ഇതുവരെ ലഭ്യമായ കണക്കുകൾ വച്ച് പരിശോധിച്ചാൽ പതിനായിരത്തിനും ഇരുപതിനായിരത്തിനുമിടയിൽ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണ്. ഇതിൽ ഭൂരിപക്ഷവും സ്വകാര്യ സ്വാശ്രയ കോളേജുകളിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മൂന്നാം അലോട്ട്മെന്റ് കൂടെ കഴിയുന്നതോടെ കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളേജുകളുടെ സ്ഥിതി വ്യക്തമാകും. നിലവിൽ മെഡിക്കൽ സെലക്ഷനും ഐഐടി, മറ്റ് കോഴ്സുകൾ എന്നിവയിലേയ്ക്ക് ഗവൺമെന്റ് കോളേജുകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ ഒരു വിഭാഗം മാറിയതോടെ രണ്ടാം അലോട്ട്മെന്റിൽ കുറേ കൂടി കുട്ടികൾ സർക്കാർ, എയിഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിലേയ്ക്ക് മാറിക്കഴിഞ്ഞു. ഇതിനനുസരിച്ച് എല്ലായിടത്തും പുതിയ ഒഴിവുകളും നികത്തലിനുമുളള സാധ്യതകൾ തെളിഞ്ഞു. എന്നാൽ അതൊന്നും സ്വകാര്യ സ്വാശ്രയ കോളേജുകളുടെ കാര്യത്തിൽ കാര്യമായ ഗുണമുണ്ടാക്കയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തിയായ ശേഷമുളള ലിസ്റ്റ്
സ്വകാര്യ സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിന്റെ ഭാഗമായി പ്രവേശന പരീക്ഷയിൽ വെളളം ചേർക്കുകയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ കുറവുണ്ടാക്കുകയും ചെയ്തിട്ടും അവർക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന വിദഗഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. പ്രവേശന പരീക്ഷയക്ക് കണക്കിന് മിനിമം പത്ത് മാർക്ക് ലഭിച്ചാൽ പോലും പ്രവേശനം ലഭിക്കാനുളള വഴിയാണ് സർക്കാർ പ്രവേശന പരീക്ഷ ലഘൂകരിച്ച് ചെയ്ത് നൽകിയത്. 120 ചോദ്യങ്ങളിൽ നെഗറ്റീവ് മാർക്ക് ലഭിക്കാതിരുന്നാൽ മൂന്ന് ചോദ്യങ്ങളുടെ ശരി ഉത്തരം മാത്രം എഴുതിയാൽ പ്രവേശന പരീക്ഷലിസ്റ്റിൽ കടന്നുകൂടുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി മാറി. കേരളത്തിൽ നിരവധി എൻജിനീയറിങ് ബിരുദദാരികൾക്ക് ആ മേഖലയിൽ ജോലി അസാധ്യമായി മാറിയത് തൊഴിൽപരമായി അവർ നേരിടുന്ന പരാധീനതയാണെന്ന് ഈ രംഗത്തെ വിദഗഗ്‌ധർ അഭിപ്രായപ്പെടുന്നു. എൻജിനീയറിങ് സ്കിൽ ടെസ്റ്റ് കൂടെയാണ് പ്രവേശന പരീക്ഷയിൽ നടത്തേണ്ടത്. എന്നാൽ ആ കരിയർ സ്കിൽ അല്ല പകരം, സ്വാശ്രയ കോളേജകളുടെ ലാഭവിഹിത കണക്കിന് അടിസ്ഥാനമായി നടത്തുന്ന ലളിതമാക്കൽ പ്രക്രിയയാണ് നടക്കുന്നത്.അതിനാൽ തന്നെ ഗുണനിലവാരം കുറയുന്നത് അവരെ എടുക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ മടികാണിക്കുന്നതിന് കാരണമെന്ന് കരിയർ രംഗത്ത് പ്രവർത്തിക്കുന്നവരും വ്യക്തമാക്കുന്നു.

)
കേരളത്തിൽ മൂന്നാംവട്ട അലോട്ട്മെന്റ് കൂടെ കഴിയുന്നതോടെ കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസത്തിലെ സ്വാശ്രയ മേഖല നേരിടുന്ന പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം പുറത്തു വരും. ഇതേ പ്രതിസന്ധി തന്നെയാണ് മറ്റ് പല സ്വാശ്രയ മേഖലകളും ഉന്നത വിദ്യാഭ്യാസ രംഗത്ത് നേരിടുന്നത്. എന്നാൽ കൂടുതൽ പ്രതിസന്ധി ഇന്ന് നേരിടുന്ന രണ്ട് തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ ഒന്ന് എൻജിനീയറിങ് ആണ്. മറ്റൊന്ന് നഴ്‌സിങ്ങാണെന്ന കരിയർ രംഗത്തുളളവർ ചൂണ്ടിക്കാണിക്കുന്നു.
എൻജിനിയറിങ് വിദ്യാഭ്യാസം പൂർത്തിയാക്കിയ പലർക്കും മറ്റ് ജോലികളിലേയ്ക്ക് പോകേണ്ടി വരുന്നതിന് പ്രധാന കാരണമായി പറയുന്നത് ഗുണനിലവാരത്തിലെ ഇടിവാണ്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റായി കാണേണ്ട പ്രവേശന പരീക്ഷയെ കോളേജിൽ ആളെണ്ണം തികയ്ക്കാനുളള പ്രവേശന മാർഗമായി കാണാൻ തുടങ്ങിയതോടെയാണ് ഈ പ്രതിസന്ധിയെന്ന് കരിയർ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ വളർന്നു വന്ന സ്വകാര്യ വിദ്യാഭ്യാസ ലോബിക്ക് ഭരണസംവിധാനങ്ങൾ കീഴടങ്ങിയതിന്റെ ദുരന്തമാണിതെന്ന് പേര് വെളിപ്പെടുത്തരുതെന്ന് വ്യക്തമാക്കി ഒരു കരിയർ സെപ്ഷ്യലിസ്റ്റ് വ്യക്തമാക്കുന്നു. അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങൾ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ ചരിത്രം എങ്ങനെയാണ് കേരളത്തിന്റെ ഗുണനിലവാരം അട്ടമറിച്ചതെന്നാണ്. അതിന്റെ ഫലമാണ് പ്രവേശന പരീക്ഷ മാർക്ക് കുറച്ചത്. മൂന്ന് ചോദ്യത്തിന് ഉത്തരമറിയാമെങ്കിൽ നിങ്ങൾക്ക് എൻജിനീയറിങ്ങിന് പഠിക്കാമെന്ന സ്ഥിതിയാണെങ്കിൽ പിന്നെ എന്ത് ആപ്റ്റിറ്റ്യൂഡാണ് ഈ പരീക്ഷയിൽ കണ്ടെത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കേരളത്തെ ലോകത്തിന് മുന്നിൽ തലകുനിപ്പിക്കുന്ന ഈ നടപടികളിൽ നിന്നും വിദ്യാർത്ഥികൾ പിന്തിരിയുകയും സ്വാശ്രയ കോളേജുകളെ ഉപേക്ഷിക്കുകയും ചെയ്യുന്നത് അവരുടെ ഭാവിക്ക് മാത്രമല്ല, കേരളത്തിന്റെ ഭാവിക്ക് കൂടെ ഗുണം ചെയ്യും, അദ്ദേഹം പറഞ്ഞു.