തിരുവനന്തപുരം​: സംസ്ഥാനത്തെ അൺഎയ്ഡഡ് മേഖലയടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കു പ്രസവ അവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമ ഭേദഗതിക്കായി തൊഴിൽ-നൈപുണ്യ വകുപ്പ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. 1961-ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയിൽ സംസ്ഥാനത്തെ അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരടക്കമുളള ജീവനക്കാരെയും കൊണ്ടുവരുന്നതിനായാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാർക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. കൂടാതെ മെഡിക്കൽ ബോണസായി തൊഴിലുടമ 3500 രൂപ അനുവദിക്കുകയും ചെയ്യും. നിയമ പരിധിയിൽ വരുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാകും.

നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ പ്രസവ അവധി ആനുകൂല്യത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. ഇതിനു മുന്നോടിയായുള്ള നടപടിക്രമമായാണു പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്.

വിജ്ഞാപന തീയതി മുതൽ രണ്ടു മാസത്തേക്ക് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും പരാതികളും അഭിപ്രായങ്ങളും സർക്കാർ പരിശോധിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി, തൊഴിൽ-നൈപുണ്യ (ഇ) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ പരാതികളും നിർദേശങ്ങളും അഭിപ്രായങ്ങളും സർക്കാരിനെ അറിയിക്കാം. ഇതിനു ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.