തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ കെഎസ്ആർടിസി യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ മർദനം. പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്ക് സർവ്വീസ് നടത്തുന്ന മാധവി എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ഇന്നലെ തളിപ്പറമ്പ് നഗരത്തിൽ വച്ച് കെഎസ്ആർടിസി യാത്രക്കാരനെ മർദിച്ചത്.

കെഎസ്ആർടിസി ജീവനക്കാരോട് മാധവി ബസിലെ ജീവനക്കാർ തർക്കിച്ചത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് കെഎസ്ആർടിസി ബസിലെ ജീവനക്കാരെ അനുകൂലിച്ച് സംസാരിച്ച യാത്രക്കാരനെയാണ് സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചത്.

നാട്ടുകാർ ഇടപെട്ടതോടെയാണ് സ്വകാര്യ ബസ് ജീവനക്കാർ പിന്മാറിയത്. നാട്ടുകാരിലൊരാൾ ബസ് ജീവനക്കാരെ മർദിക്കാനാഞ്ഞതോടെ ബസ് ജീവനക്കാർ ഭയന്ന് പിന്മാറുകയായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് തളിപ്പറമ്പ് പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ