കൊച്ചി: സ്വകാര്യ ബസിൽ തളർന്നുവീണ യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കാതെ ബസ് ജീവനക്കാരുടെ ക്രൂരത. ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞാണ് ബസിൽ തളർന്നുവീണ യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കാതെ അരമണിക്കൂറോളം ബസ് ഓടിയത്. പിന്നീട് യാത്രക്കാരനെ വഴിയിൽ ഇറക്കിവിട്ടു. ആശുപത്രിയിൽ എത്തുംമുൻപേ ഇയാൾ മരിക്കുകയും ചെയ്തു.

കൊച്ചി നഗരത്തിൽ ശനിയാഴ്ചയാണ് സംഭവം. എംജി റോഡിൽനിന്നും ആലുവയിലേക്കുളള സ്വകാര്യ ബസിൽ കയറിയ വയനാട് സ്വദേശി ലക്ഷ്മണൻ ആണ് ഷേണായീസ് ബസ് സ്റ്റോപ്പിലെത്തിയപ്പോൾ ബസിൽ കുഴഞ്ഞു വീഴണത്. പിന്നീട് ഇയാൾക്ക് അപസ്മാരമുണ്ടാവുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹയാത്രികർ ആവശ്യപ്പെട്ടിട്ടും ട്രിപ്പ് മുടങ്ങുമെന്ന് കാരണം പറഞ്ഞ് ബസ് ജീവനക്കാർ തയ്യാറായില്ല. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ഇടപ്പളളി പളളിക്കു മുമ്പിൽ ലക്ഷ്മണനെ ഇറക്കി വിട്ടു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരൻ ലക്ഷ്മണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അരമണിക്കൂറിലധികമാണ് തളർന്നുവീണ യാത്രക്കാരനെയും കൊണ്ട് ബസ് ഓടിയത്. ഇതിനിടയിൽ നിരവധി ആശുപത്രികൾക്കുമുന്നിലൂടെ ബസ് കടന്നുപോയെങ്കിലും യാത്രക്കാരനെ ആശുപത്രിയിലാക്കാൻ ബസ് ജീവനക്കാർ സന്മനസ് കാട്ടിയില്ല. സംഭവത്തിൽ മരിച്ച യാത്രക്കാരന്റെ ബന്ധുക്കൾ എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ