തിരുവനന്തപുരം: ബസ് സമരത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനു പിടിവാശിയില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകളുടെ സംഘടനയിലെ ചില നേതാക്കള്‍ക്കു മാത്രമാണ് പിടിവാശിയെന്നും സര്‍ക്കാര്‍ വാക്ക് പാലിച്ചുകൊണ്ടാണു മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രിയുടെ പിടിവാശിയാണ് സമരത്തിനു കാരണമെന്ന ബസുടമകളുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം വരാതെ സമരം പിന്‍വലിക്കില്ലെന്ന ഭാഷയാണ് ബസ് ഉടമകള്‍ക്ക്. ബസ് ഉടമകളുടേത് എടുത്തുചാട്ടമാണ്. അവസാനത്തെ സമര മാര്‍ഗമാണ് ആദ്യംതന്നെ എടുത്തത്. സംഘടനകള്‍ ഇങ്ങോട്ട് വന്നാല്‍ ചര്‍ച്ചക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യമാണെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി കമ്മിറ്റിയെ വച്ച് അവരുമായി നിരന്തരം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. പൊതുജനാഭിപ്രായം തേടി, വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി, 30ന് എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നു പറഞ്ഞശേഷം ഇങ്ങനൊരു സമരം ചെയ്യുന്നതിന്റെ ലക്ഷ്യം മറ്റു ചിലതാണ്.
തങ്ങള്‍ സമരം ചെയ്തിട്ടാണ് നിരക്ക് വര്‍ധനയുണ്ടായതെന്നു ബസുടമകളെ ബോധ്യപ്പെടുത്താനുള്ള ചില സംഘടനാ നേതാക്കളുടെ സ്ഥാപിത താല്‍പ്പര്യമാണ് സമരത്തിനു പിന്നില്‍.
ഓട്ടോ-ടാക്‌സി സംഘടനകളും നിരക്ക് വര്‍ധന ആവശ്യം ഉന്നയിച്ചിരുന്നു. ചര്‍ച്ചകളെത്തുടര്‍ന്ന് സര്‍ക്കാര്‍ വാക്കുകള്‍ വിശ്വസിച്ച അവര്‍ സമരത്തിന് പോയില്ലെന്നും മന്ത്രി പറഞ്ഞു.
യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് പറഞ്ഞിരിക്കുന്നത്. തങ്ങളുമായി ചര്‍ച്ചയ്ക്ക് ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും ശരിയാക്കിത്തരുമെന്ന് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്നും ബസ് ഉടമാ സംഘടനാ നേതാക്കള്‍ പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പരീക്ഷാ കാലത്ത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചെന്നാണു ഗതാഗത മന്ത്രി പറയുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ സര്‍ക്കാര്‍ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോയെന്ന് ബസുടമകള്‍ ചോദിച്ചു. എല്‍ഡിഎഫ് നിരക്ക് വര്‍ധന തീരുമാനിച്ചിട്ടുണ്ട്. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗത മന്ത്രി വാക്കുപാലിച്ചില്ല. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.
അനിശ്ചിതകാല ബസ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അടുത്ത ദിവസം ബുധനാഴ്ച മുതല്‍ ആരംഭിച്ച സമരം പരീക്ഷാകാലത്ത് വിദ്യാര്‍ഥികളെയും ദിവസവേതന തൊഴിലാളികളേയുമാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. പ്രത്യേകിച്ചും അന്യസംസ്ഥാനത്തുനിന്ന് എത്തിയ തൊഴിലാളികളെ.
സ്വകാര്യ ബസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കൊച്ചി മെട്രോയില്‍ തിരക്കു വര്‍ധിച്ചു. തൊഴിലാളികളാണ് ആദ്യ സര്‍വീസുകളില്‍ കൂടുതലും ഉണ്ടായത്. ബസില്ലാത്തത് വളരെയധികം ബുദ്ധിമുട്ടാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലിടങ്ങളിലേക്കുള്ള യാത്രക്കായി ബസിനെയാണ് ഇവരില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത്.
“രാവിലെ ഏഴ് മണിയോടെ സ്റ്റാന്‍ഡില്‍ വരുന്നതാണ്. ബസില്ല എന്ന് കഴിഞ്ഞ ദിവസം സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് അറിഞ്ഞത്. എങ്ങനെയൊക്കെയോ രണ്ട് ദിവസം തള്ളി നീക്കി. ഓട്ടോയ്ക്കാണ് ഞങ്ങളില്‍ പലരും പോയത്. ഇന്ന് എല്ലാവരും ചേര്‍ന്ന് മെട്രോയ്ക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു,” തമിഴ്നാട് സ്വദേശിയായ രാജ്നാഥ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പാക്കണമെന്നും അല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം യാത്രാനിരക്ക് 12 രൂപയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ കൺസഷൻ ആറ് രൂപയായി വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. ഇതെല്ലാം നടപ്പാക്കാതെ പിന്നോട്ടില്ലെന്നാണ് അവരുടെ നിലപാട്.
സ്വകാര്യ ബസ് സമരം തുടരുന്നതോടെ പല ജില്ലകളിലും കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. വടക്കന്‍ ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പരീക്ഷകള്‍ നടക്കുന്ന സമയമായതുകൊണ്ട് തന്നെ വിദ്യാര്‍ഥികളേയും ബസ് സമരം കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
Also Read: 28, 29 തിയ്യതികളിലെ ദേശീയ പൊതുപണിമുടക്ക് ആരെയൊക്കെ ബാധിക്കും?