കൊച്ചി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കല്ലട സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തങ്ങളെ മനഃപൂര്‍വം ദ്രോഹിക്കുന്നു എന്നാരോപിച്ചാണ് നൂറോളം ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്. അനിശ്ചിതകാലത്തേക്കാണ് സമരം പ്രഖ്യാപിച്ചത്. സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തന്നെ പറഞ്ഞിരുന്നു. ഇതിനിടെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.
Read Also: ഇനി ‘കല്ലട’യല്ല; വിവാദ ബസിന് പുതിയ പേര് നല്‍കി യൂത്ത് കോണ്‍ഗ്രസ്, വീഡിയോ
കല്ലട ബസില്‍ വച്ച് യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇതര സംസ്ഥാന ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ബസുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനായി ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ എന്ന പരിശോധന അടക്കം സര്‍ക്കാര്‍ നടത്തിവരികയാണ്. ഇതിനെതിരെയാണ് ബസ് ഉടമകളുടെ പ്രതിഷേധം. ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ നിര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കോഴിക്കോട്ടെ കല്ലട ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം താഴിട്ട് പൂട്ടിയിരുന്നു. കല്ലട ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇനി അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ പറഞ്ഞു. പാളയത്തെ കല്ലടയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി പി.നിഖില്‍, പ്രസിഡന്റ് വി.വസീഫ് എന്നിവരാണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കല്ലട ബസില്‍ വച്ച് യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.
യാത്രക്കാരിക്കു നേരെ പീഡന ശ്രമമുണ്ടായെന്നാണ് ആരോപണം. സംഭവത്തിൽ ബസിലെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിന്റെ രണ്ടാം ഡ്രൈവർ ജോൺസൺ ജോസഫാണ് പ്രതി. കണ്ണൂരിൽ നിന്നും കൊല്ലത്തേക്കു പോകുന്ന ബസിലാണ് തമിഴ് യുവതിക്കു നേരെ പീഡന ശ്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് ബസ് തേഞ്ഞിപ്പാലം പൊലീസ് പിടിച്ചെടുത്തു. യാത്രക്കാരിയുടെ പരാതിയില്‍ ഡ്രൈവര്‍ ജോണ്‍സന്‍ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
യാത്രക്കാരിക്കു നേരെ നടന്ന പീഡന ശ്രമത്തെ തുടർന്ന് കല്ലട ട്രാവൽസിന്റെ ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തിട്ടുണ്ട്. തിരുവനന്തപുരത്തെ ഓഫീസാണ് തകർത്തത്. ഓഫീസിന് നേരെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. യാത്രക്കാരെ മർദിച്ചതിന്റെ പേരിൽ വിവാദത്തിലായ സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള കല്ലട ബസ് ഇതോടെ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.
Read Also: ‘ലാസ്റ്റ് ബെല്‍ വിപ്ലവം’ വീണ്ടും; അര്‍ജന്റീന കോപ്പ ക്വാര്‍ട്ടറില്‍
ബസിന് നേരെ തുടർച്ചയായി പരാതികളുയരുന്ന സാഹചര്യമാണ് നിലവിൽ. ഈ മാസം ആദ്യം 23 കാരിയായ മലയാളി യുവതിയെ പെരുവഴിയിലാക്കിയതിന്റെ പേരിലായിരുന്നു കല്ലട ട്രാവല്‍സ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. രാത്രി ഭക്ഷണത്തിനായി ബസ് നിര്‍ത്തിയ ശേഷം യുവതിയെ കയറ്റാതെ ബസ് വീണ്ടും യാത്ര ആരംഭിച്ചതായാണ് ആരോപണം. ഹൈവേയിലൂടെ ബസിന് പിന്നാലെ പെണ്‍കുട്ടി ഓടിയെന്നും പറയുന്നു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി.