തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഉടമകള്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായും ചര്‍ച്ച നടത്തി. ഇന്ന് രാവിലെയായിരുന്നു യോഗം ചേര്‍ന്നത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസുടമകള്‍ അറിയിച്ചു. മുഖ്യമന്ത്രി സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതായും അതിനെ തുടര്‍ന്നാണ് താത്കാലികമായി സമരം പിന്‍വലിക്കുന്നതെന്നും ബസുടമകള്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാരുടെ ദുരിതം വര്‍ധിപ്പിച്ച് സ്വകാര്യ ബസ് സമരം നാല് ദിവസമായി സമരം തുടരുകയായിരുന്നു. ഇതുവരെ ചര്‍ച്ചകള്‍ക്ക് വഴി തുറക്കാത്തത് സമരം നീളുമെന്നുള്ള സൂചനയാണ് നല്‍കുന്നത്. വരുന്ന ബുധനാഴ്ച ഇടതുമുന്നണി യോഗം ചേരാനിരിക്കെ സമരവുമായി മുന്നോട്ട് പോകാനുള്ള ഉടമകളുടെ തീരുമാനം പിടിവാശിയാണെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്.
സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യമാണെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി കമ്മിറ്റിയെ വച്ച് അവരുമായി നിരന്തരം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. പൊതുജനാഭിപ്രായം തേടി, വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സര്‍ക്കാരും ബസുടമകളും തീരുമാനം കടുപ്പിച്ചതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കെഎസ്ആര്‍ടിസിയില്‍ വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. കൊച്ചി മെട്രോയിലും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബസ് സമരം ഒത്തുതീര്‍പ്പാക്കത്തതില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.
യാത്രാക്ലേശം രൂക്ഷമായിരിക്കുന്നത് വടക്കന്‍ ജില്ലകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് കാല പ്രതിസന്ധിയില്‍ നിന്ന് കരകയാറാന്‍ ശ്രമിക്കുമ്പോള്‍ വിലക്കയറ്റത്തിനൊപ്പം സമരങ്ങളും വന്നതോടെ ജനം വലയുകയാണ്. എത്രയും വേഗം സമരം ഒത്തുതീര്‍പ്പാക്കി പൊതുഗതാഗതം പുനസ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പാക്കണമെന്നും അല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം യാത്രാനിരക്ക് 12 രൂപയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ കൺസഷൻ ആറ് രൂപയായി വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. ഇതെല്ലാം നടപ്പാക്കാതെ പിന്നോട്ടില്ലെന്നാണ് അവരുടെ നിലപാട്.
Also Read: മൂലമറ്റത്ത് യുവാവിന്റെ വെടിയേറ്റ രണ്ടാമന്റെ നില അതീവഗുരുതരം