തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഉടമകള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സമരം പ്രഖ്യാപിച്ചത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിയായി എന്ന് സ്വകാര്യ ബസ് ഉടമകള്‍ നേരത്തെ വിലയിരുത്തിയിരുന്നു. അതിനു പിന്നാലെ ഏതാനും ബസ് ഉടമകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സമരം ഔദ്യോഗികമായി പിന്‍വലിച്ചിരിക്കുന്നത്. സമരം നടത്തിയിരുന്ന ബസ് ഉടമകളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാകാതെ വന്നതോടെ സ്വകാര്യ ബസ് ഉടമകള്‍ പ്രതിസന്ധിയിലാകുകയായിരുന്നു. സ്വകാര്യ ബസ് ഉടമകളുടെ സമരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് വരുമാനം വര്‍ധിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.
Read Also: ‘സമരം നല്ലതാണ്!’; കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ലക്ഷങ്ങളുടെ വര്‍ധനവ്
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ പരിശോധന നടത്തുന്നതും വന്‍തുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്തി വച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും സര്‍വീസുകള്‍ ഉണ്ടായിരുന്നില്ല.
കല്ലട ബസില്‍ യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇതര സംസ്ഥാന ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ബസുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനായി ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ എന്ന പരിശോധന അടക്കം സര്‍ക്കാര്‍ നടത്തിവരികയാണ്. ഇതിനെതിരെയാണ് ബസ് ഉടമകളുടെ പ്രതിഷേധം. ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ നിര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
Read Also: മുഖ്യമന്ത്രിയുടെ വാക്കിന് കീറിയ ചാക്കിന്റെ വില: രമേശ് ചെന്നിത്തല
സംസ്ഥാനത്തെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരത്തില്‍ ലോട്ടറിയടിച്ചത് കെഎസ്ആര്‍ടിസിക്കാണ്. സമരത്തെ തുടര്‍ന്ന് കൂടുതല്‍ പേര്‍ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചതോടെ വരുമാനത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആഴ്ചയില്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം ഒമ്പത് ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അന്തര്‍ സംസ്ഥാന ബസ് സമരം ആരംഭിച്ചത്. സമരം ആരംഭിച്ച ദിവസം മുതല്‍ ഇന്ന് വരെ കെഎസ്ആര്‍ടിസിക്ക് 45 ലക്ഷം രൂപയോളം അധികമായി ലഭിച്ചതായാണ് റിപ്പോര്‍ട്ട്.