കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നു മുതല്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിക്കും. ഇടുക്കിയിലും കൊച്ചിയിലും ബസുകള്‍ ഓടിത്തുടങ്ങി. ബസ് ഓപ്പറേറ്റേഴ്സ് ഫോറം എന്ന സംഘടനയുടെ കീഴിലുള്ള കെഎംടിസിയുടെ പത്തു ബസുകള്‍ ഇന്ന് മുതല്‍ പൂത്തോട്ട-ഹൈക്കോര്‍ട്ട് റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് സംഘടന പ്രസിഡന്റ് ടി.കെ.രാജു അറിയിച്ചു.
രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ അരമണിക്കൂര്‍ ഇടവിട്ട് ബസ് സർവീസ് നടത്തും. അങ്കമാലി-പെരുമ്പാവൂര്‍ റൂട്ടിലും കോലഞ്ചേരി-തൃപ്പൂണിത്തുറ റൂട്ടിലും സംഘടനയുടെ നൂറില്‍പ്പരം ബസുകള്‍ സര്‍വീസ് നടത്തും.
Read More: സ്പെഷ്യൽ ട്രെയിൻ സർവ്വീസ്; ബുക്കിങ് ഇന്ന് രാവിലെ പത്ത് മണിമുതൽ
പാലക്കാട് ജില്ലയിലും ഏതാനും സ്വകാര്യ ബസുകളും ഇന്നലെ സർവീസ് പുനരാരംഭിച്ചു. ജില്ലയിൽ ആകെ പത്തോളം ബസുകളാണ് ഇന്നലെ സർവീസ് പുനരാരംഭിച്ചത്. പാലക്കാട്-ഗുരുവായൂർ റൂട്ടിൽ ഓടുന്ന 4 ബസുകൾ ജില്ലാ അതിർത്തിയായ ചാലിശ്ശേരി വരെ സർവീസ് നടത്തി. ഒറ്റപ്പാലം-ഷൊർണൂർ, പട്ടാമ്പി-ഷൊർണൂർ, ചെർപ്പുളശ്ശേരി-ഷൊർണൂർ റൂട്ടിലും ചുരുക്കം ചില ബസുകൾ ഓടി.
അതേസമയം, കോഴിക്കോട് നഗരത്തില്‍ സർവീസ് നടത്തിയ സ്വകാര്യ ബസ്സുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട രണ്ട് ബസ്സുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമികള്‍ ബസ്സുകള്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം സര്‍വ്വീസ് നടത്തിയ കൊളക്കാടന്‍ ബസ്സുകളാണ് അടിച്ച് തകര്‍ത്തത്. രാത്രിയോടെയായിരുന്നു സംഭവം. ഇവരുടെ ഉടമസ്ഥതയിലുള്ള ആറ് ബസ്സുകളാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ സര്‍വ്വീസ് നടത്തിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച പൊതുഗതാഗതം കഴിഞ്ഞ ദിവസമാണ് ഭാഗികമായി പുനരാരംഭിച്ചത്. ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ ഗതാഗത മന്ത്രി അനുമതി നല്‍കിയതിന് പിന്നാലെ സ്വകാര്യ ബസ്സുകള്‍ നിരത്തിലറിക്കില്ലെന്ന് ബസ്സ് ഉടമകള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ സർവീസ് ആരംഭിച്ചിരുന്നു.