കൊച്ചി: ഇന്ധന വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ സമരത്തിന് ഒരുങ്ങുന്നു. ഈ മാസം 30 നുളളിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ ബസുകൾ നിരത്തിലിറക്കില്ലെന്നാണ് ഇവർ നിലപാടെടുത്തിരിക്കുന്നത്.
കഴിഞ്ഞ തവണ ചാർജ് വർദ്ധിപ്പിച്ചപ്പോൾ ഇന്ധനവില ലിറ്ററിന് 62 രൂപയായിരുന്നു. എന്നാൽ ഇപ്പോഴിത് 80 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഈ മാസം തന്നെ ഇന്ധനവില ചിലപ്പോൾ 80 കടക്കും. ഈ സാഹചര്യത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കാതെ മറ്റ് വഴികളില്ലെന്നാണ് ബസുടമകൾ പറയുന്നത്.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നാണ് മറ്റൊരാവശ്യം. ഇപ്പോൾ ചിലവുകളിൽ ഉണ്ടായ വർദ്ധന പരിഗണിച്ച് നികുതിയടക്കേണ്ട തീയതി സർക്കാർ നീട്ടി നൽകിയിരുന്നു. ഇത് ഈ മാസം 30 ന് അവസാനിക്കും.
മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നതിന് പുറമെ, മിനിമം ചാർജിന്റെ ദൂരപരിധി 5 കിലോമീറ്ററിൽ നിന്നും 2.5 കിലോമീറ്ററായി കുറയ്ക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഡീസൽ വിലയിൽ സബ്സിഡി വേണമെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്.