scorecardresearch
Latest News

യാത്രാ നിരക്ക് വര്‍ധന: 24 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

വിദ്യാർഥികളുടേത് ഉൾപ്പെടെയുള്ള യാത്രാനിരക്ക് വർധന ആവശ്യപ്പെട്ടാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്

Private Bus, fare hike, strike
ഫയല്‍ ചിത്രം

കോഴിക്കോട്: സംസ്ഥാനത്ത് 24 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടെ തീരുമാനം.

ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പാക്കണമെന്നും അല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമാണ് ബസ് ഉടമകള്‍ പറയുന്നത്. അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ഉടമകള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനു നോട്ടിസ് നല്‍കിയിട്ടുണ്ട്. മിനിമം യാത്രാനിരക്ക് 12 രൂപയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.

ബസ് ഉടമകള്‍ നിവേദനം നല്‍കിയ കാര്യം മന്ത്രി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നാണു മന്ത്രി പറഞ്ഞത്. നിരക്ക് വര്‍ധനവ് ഉടനെയുണ്ടാകുമെന്നും എന്നാല്‍ എന്നു മുതലാണെന്നു പറയാനാകില്ലെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല. ജനങ്ങളുടെ മേല്‍ അമിതഭാരം ഇല്ലാതെയുള്ള ചാര്‍ജ് വര്‍ധനവാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സമവായം.ചര്‍ച്ചകള്‍ നടക്കുകയാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വരുമെന്നുമാണു മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.

Also Read: മദ്യം വിളമ്പാന്‍ സ്ത്രീകള്‍; കൊച്ചിയില്‍ ബാര്‍ ഹോട്ടലിനെതിരെ എക്സൈസ് കേസ്

അതേസമയം, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് മന്ത്രിയുടെ പരാമര്‍ശം വിവാദമായിരുന്നു. കണ്‍സെഷന്‍ കൂട്ടേണ്ടി വരുമെന്നു പറഞ്ഞ മന്ത്രി രണ്ടുരൂപ നിരക്ക് വിദ്യാര്‍ഥികള്‍ക്കു നാണക്കേടാണെന്നും അഞ്ച് രൂപ കൊടുത്തിട്ട് അവര്‍ ബാക്കി വാങ്ങാറില്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

”വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വിഷയമാണ് ബസുടമകള്‍ ഉന്നയിച്ചിരിക്കുന്നത്. രണ്ട് രൂപയെന്നത് കൊടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പോലും നാണക്കേടായിരിക്കുകയാണ്. 2012 ലാണ് കണ്‍സഷന്‍ രണ്ടു രൂപയാക്കുന്നത്. 10 വര്‍ഷം കഴിഞ്ഞു. സ്‌കൂള്‍ സമയത്ത് മറ്റ് യാത്രക്കാരെക്കാളും വിദ്യാര്‍ഥികളാണ് ബസിലുണ്ടാവുക. ഇത് വലിയ രീതിയില്‍ വരുമാനം കുറയുന്നതിന് കാരണമാവുന്നുണ്ടെന്നാണ് ബസുടമകള്‍ പറയുന്നത്. അതൊരു പരിധിവരെ ന്യായവുമാണ്,” എന്നാണ് മന്ത്രി പറഞ്ഞത്.

മെന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ എസ്എഫ്‌ഐയുടെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നു. വിഷയത്തില്‍ മന്ത്രി മലക്കംമറിഞ്ഞിരുന്നു. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ അടര്‍ത്തി മാറ്റി മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും നിലവിലെ കണ്‍സെഷന്‍ നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്നുമാണു മന്ത്രി പിന്നീട് വ്യക്തമാക്കിയത്.

മിനിമം യാത്രാനിരക്ക് 12 രൂപയായും വിദ്യാര്‍ത്ഥികളുടെ നിരക്ക് അതിന്റെ പകുതിയായ ആറ് രൂപയായും വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് രൂപയാക്കി ഉയര്‍ത്താമെന്ന് ബസ് വ്യവസായം സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി നിര്‍ദേശിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Private bus owners announces strike from march 24 fare hike

Best of Express