തിരുവനന്തപുരം: ഉത്സവ സീസണ്‍ പൊതുവെ കച്ചവടക്കാര്‍ക്ക് ചാകരയാണ്, വിപണിയിലേക്ക് പണമൊഴുകുന്ന സമയം. എന്നാല്‍ ഉത്സവ സീസണില്‍ അമിത വില ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്ന സേവനദാതാക്കളും കുറവല്ല. ഉത്സവ സീസണില്‍ ഇത്തരത്തില്‍ ഏറ്റവും അധികം ചൂഷണം നേരിടുന്നവരാണ് ബെംഗളുരു, ചെന്നൈ പോലുള്ള നഗരങ്ങളില്‍ പണിയെടുക്കുന്ന മലയാളികള്‍. പറഞ്ഞു വരുന്നത് ഇവരുടെ യാത്രാ ക്ലേശത്തെക്കുറിച്ചാണ്. വിഷു, ഈസ്റ്റര്‍ അവധിക്ക് നാട്ടിലെത്താനുള്ള ഇവരുടെ പെടാപ്പാടിന് എല്ലാ അവധിക്കാലത്തേയും പോലെ ഇത്തവണയും കുറവില്ല. ബെംഗളുരുവില്‍ നിന്ന് മലബാര്‍ മേഖലയിലേക്ക് വരുന്ന യാത്രക്കാരുടെ പ്രധാന ആശ്രയം ബസ്സുകള്‍ തന്നെയാണ്. കെഎസ്ആര്‍ടിസിക്ക് പുറമെ കര്‍ണ്ണാടക ആര്‍ടിസിയും, സ്വകാര്യ സർവീസുകളുമാണ് ഈ മേഖലയില്‍ സര്‍വീസ് നടത്തുന്നത്. അവധിക്ക് നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ട് നേരത്തെ തന്നെ സ്വകാര്യ സര്‍വീസുകള്‍ തങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. സാധാരണ ദിവസങ്ങളില്‍ 600 മുതല്‍ 1450 വരെയാണ് ഈ റൂട്ടിലെ നിരക്ക്, എന്നാല്‍ വിഷു തലേന്നായ ഏപ്രില്‍ 13 ന് ഇത് 1100 മുതല്‍ 2300 വരെയാണ്. പല ബസ്സുകളിലേയും സീറ്റുകള്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ വിറ്റു പോയിരുന്നു. എന്നാല്‍ മലബാര്‍ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ കെഎസ്ആര്‍ടിസി മികച്ച ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഏപ്രില്‍ 12ന് മാത്രം 11 പ്രത്യേക സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ബംഗളുരുവില്‍ നിന്ന് മലബാര്‍ മേഖലയിലേക്ക് ഓപ്റേറ്റ് ചെയ്തത്. കോഴിക്കോട്ടേക്ക് ആറും കണ്ണൂരേക്ക് രണ്ടും പയ്യന്നൂര്‍, തലശ്ശേരി എന്നിവടങ്ങളിലേക്ക് ഓരോ സര്‍വീസുകളുമാണ് അധികമായി ഓടിച്ചത്. കൂടുതല്‍ ആളുകള്‍ നാട്ടിലേക്ക് മടങ്ങുന്ന ഏപ്രില്‍ 13 നും 11 അധിക സര്‍വ്വീസുകളാണ് മലബാര്‍ മേഖലയിലേക്ക് നടത്തുന്നത്. മേഖലയില്‍ കെഎസ്ആര്‍ടിസിയുടെ പ്രധാന എതിരാളികളായ കര്‍ണ്ണാടക ആര്‍ടിസിയും എട്ട് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

bus, banglore

ബെഗളുരു സാറ്റലൈറ്റ് സ്റ്റേഷനിൽനിന്നുളള ചിത്രം

മധ്യകേരളത്തിലും സ്ഥിതി ഏറെക്കുറെ സമാനമാണ്. മലാബാര്‍ മേഖലയെ അപേക്ഷിച്ച് ട്രെയിനുകളെ കൂടുതലായി ആശ്രയിക്കാമെങ്കിലും യാത്രാ സമയം കണക്കിലെടുക്കുമ്പോള്‍ ബസ്സുകള്‍ തന്നെയാണ് യാത്രികര്‍ക്ക് പ്രിയങ്കരം. മൂന്ന് പ്രതിദിന ട്രെയിനുകളുള്ള റൂട്ടില്‍ ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുന്നെ തന്നെ വെയിറ്റിങ് ലിസ്റ്റ് ആയിരുന്നു. പ്രതിവാര, ദ്വൈവാര സര്‍വീസുകള്‍ക്ക് പുറമെ മൈസുരുവില്‍ നിന്ന് ബെംഗളുരു വഴി എറണാകുളത്തിന് ഒരു പ്രത്യേക ട്രെയിനും റെയിൽവേ ഓടിച്ചിരുന്നു. ട്രെയിനുകള്‍ ശരാരശി 11 മുതല്‍ 14 മണിക്കൂര്‍ വരെ സമയമെടുക്കുമ്പോള്‍ മള്‍ട്ടി ആക്‌സില്‍ ബസ്സുകളില്‍ യാത്രാ സമയം ഒമ്പത് മുതല്‍ 12 മണിക്കൂര്‍ വരെ മാത്രമാണ്. അവസരം മുതലെടുത്ത സ്വകാര്യ ബസ്സുകള്‍ നിരക്ക് കുത്തനെ ഉയര്‍ത്തി. സാധാരണ ദിവസങ്ങളില്‍ 600 മുതല്‍ 1500 വരെയുള്ള ബെംഗളുരു എറണാകുളം നിരക്ക് ഏപ്രില്‍ 12, 13, 14 ദിവസങ്ങളില്‍ 1200 മുതല്‍ 3000 വരെയാണ്. മധ്യകേരളത്തിലേക്ക് ഏപ്രില്‍ 13, 14 ദിവസങ്ങളില്‍ 6 പ്രത്യേക സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്നത്. ഏറണാകുളം, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളിലേക്ക് ഓരോ സൂപ്പര്‍ എക്‌സ്പ്രസ്സ് ബസ്സുകളും തിരുവനന്തപുരത്തേക്ക് സ്‌കാനിയും സര്‍വീസ് നടത്തും. കര്‍ണാടക ആര്‍ടിസിയും രണ്ട് പ്രത്യേക സര്‍വീസുകള്‍ എറണാകുളത്തേക്ക് നടത്തുന്നുണ്ട്.

അതേസമയം ദക്ഷിണ കേരളത്തേിലെ സ്ഥിതി അല്‍പ്പം വത്യസ്തമാണ്. തിരുവനന്തപുരം ഭാഗത്തേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാത്തതിനാല്‍ ആകെയുള്ള രണ്ട് പ്രതിദിന ട്രെയിനുകളിലും മറ്റ് പ്രതിവാര ട്രെയിനുകളിലും ബുക്കിങ് തുടങ്ങി അധികം വൈകാതെ തന്നെ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റ് 400 ന് മുകളിലെത്തി. കെഎസ്ആര്‍ടിസി തങ്ങളുടെ മൂന്ന് പ്രതിദിന സര്‍വീസിന് പുറമെ ഏപ്രില്‍ 12 ന് ഒരു അധിക സ്‌കാനിയ കൂടി ബെംഗളുരു തിരുവനന്തപുരം റൂട്ടില്‍ ഓടിച്ചിരുന്നു. കര്‍ണ്ണാടക ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഓടിച്ചതുമില്ല. ഇതോടെ യാത്രക്കാര്‍ സ്വകാര്യ സര്‍വീസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ 1500 രൂപവരെയെത്തുന്ന ടിക്കറ്റ് നിരക്ക് ഏപ്രില്‍ 12, 13, 14 ദിവസങ്ങളില്‍ 1500 മുതല്‍ 3000 വരെയാണ്.

tamilnadu bus, trivandrum

തിരുവനന്തപുരത്ത് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന തമിഴ്നാട് ബസുകൾ

കെഎസ്ആര്‍ടിസിയുടെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും പ്രത്യേക സര്‍വീസുകള്‍ ബെംഗളൂരുവില്‍ നിന്ന് നടത്തുന്നത്. ഏപ്രില്‍ 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ 33 അധിക സര്‍വീസുകളാണ് കെഎസ്ആര്‍ടിസി വിവധ കേന്ദ്രങ്ങളിലേക്ക് ഓപറേറ്റ് ചെയ്യുന്നത്. സ്വകാര്യ ബസ് ഓപറേറ്റര്‍മാരുടെ കൊള്ളയ്ക്ക് ഒരു പരിധിവരെ തടയിടാന്‍ ഇത് സഹായകമായിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകളിലെ 99 ശതമാനം സീറ്റുകളും വിറ്റു പോയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് മലബാര്‍, മധ്യകേരള മേഖലകളില്‍ യാത്രക്കാർക്ക് ഏറെ സഹായകമായി മാറി കെഎസ്ആർടിസിയുടെ പ്രവർത്തനം എന്നതാണ്. മുൻകാലങ്ങളിൽ വൻതുക കൊടുത്ത് സ്വകാര്യബസ്സുകളിൽ യാത്ര ചെയ്തിരുന്നവരാണ് ഇതിൽ ഭൂരിഭാഗവും.

ബസ്സുകള്‍ പ്രഖ്യാപിച്ച് അധികം വൈകാതെ തന്നെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതും, സെര്‍വര്‍ ശേഷി ഉയര്‍ത്തിയതും യാത്രക്കാര്‍ക്കും ഉപകാരപ്രദമായി. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വത്യസ്തമായി സൂപ്പര്‍ ഫാസ്റ്റിന് പകരം ഡീലക്‌സ് / സൂപ്പര്‍ എക്‌സ്പ്രസ്സ് എയര്‍ ബസ്സുകളാണ് ഇത്തവണ ഉപയോഗിച്ചത്. പ്രത്യേക സര്‍വീസുകളില്‍ ഫ്‌ളെക്‌സി നിരക്ക് ഏര്‍പ്പെടുത്തിയെങ്കിലും, സ്വകാര്യ സര്‍വീസുകളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. തിരക്ക് കൂടിയതിനെ തുടര്‍ന്നാണ് മുന്‍പ്രഖ്യാപിച്ചിരുന്ന 9 സര്‍വീസുകള്‍ 32 ആയി ഉയര്‍ത്തിയത്. എന്നാല്‍ ഈ ബസ്സുകളിലെ ടിക്കറ്റുകളെല്ലാം വിറ്റു പോയതോടെ ഇന്നത്തെ കേരളത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 14 ല്‍ നിന്നും 18 ആയി ഉയര്‍ത്തിയിട്ടുണ്ട്.

അവധി തീരുന്ന ഏപ്രില്‍ 16 നും തൊട്ടടുത്ത ദിവസവും തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് 32 സര്‍വീസുകളാണ് ബെംഗളുരുവിലേക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും തിരക്ക് കൂടിയാല്‍ കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കാനും കെഎസ്ആര്‍ടിസി തയ്യാറാണ്. തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക് ഏപ്രില്‍ 16 ന് സ്‌കാനിയ ഓടിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പരമാവധി ആളുകളെ കേരളത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലബാര്‍ മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഓടിക്കുന്നതെന്നാണ് ഉന്നത കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ കോഴിക്കോടേക്ക് എത്താം എന്നതിനാലാണ് പരമാവധി സര്‍വീസുകള്‍ ഇങ്ങോട്ട് നടത്തുന്നത്. ഈ ബസുകള്‍ തന്നെ വീണ്ടും ബെംഗളൂരുവില്‍ എത്തിച്ചാണ് ഇന്നത്തെ സര്‍വീസുകള്‍ നടത്തുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ ഏകോപിക്കാന്‍ കോഴിക്കോട്ടും ബെംഗളൂരുവും പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. എംഡി രാജമാണിക്യം നേരിട്ടാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.

എന്നാല്‍ തമിഴ്‌നാടുമായി പുതിയ അന്തര്‍സംസ്ഥാന സര്‍വീസുകളുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ ആകാത്തതിനാലാണ്  ബെംഗളുരുവിൽ നിന്നും സേലം വഴി അധികം വണ്ടികള്‍ ഓടിക്കാന്‍ കഴിയാത്തതെന്നും ഉന്നത കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. ഇതിനാല്‍ തന്നെ ചെന്നൈയില്‍ നിന്ന് ഇത്തവണയും കെഎസ്ആര്‍ടിസിക്ക് സര്‍വീസ് നടത്താനാകില്ല. ട്രെയിനുകളുടെ കാര്യമെടുത്താല്‍ പാലക്കാട് വഴി എട്ടും നാഗര്‍കോവില്‍ വഴിയുള്ള രണ്ട് പ്രതിദിന ട്രെയിനുകളുമാണ് മലയാളികളുടെ പ്രധാന ആശ്രയം. ഈ ട്രെയിനുകളിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വെയ്റ്റിംഗ് ലിസ്റ്റില്‍ എത്തിയിരുന്നു. ഇതോടെ ഭൂരിഭാഗം പേരും തമിഴ്‌നാടിന്റെ എസ്ഇടിസി തിരുവനന്തപുരത്തേക്ക് നടത്തുന്ന 11 സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്. മറ്റ് നഗരങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള നാമമാത്രമായ സര്‍വീസുകളും തിരക്ക് നിയന്ത്രിക്കാന്‍ പര്യാപ്തമല്ല. അതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് അമിത നിരക്ക് ഈടാക്കി സര്‍വീസ് നടത്തുന്ന സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഓണത്തോടെ പുതിയ കരാർ പ്രാബല്യത്തിലാവുകയും അതോടെ ഈ​ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നാണ് കെ എസ് ആർ ടി സി അധികൃതരുടെ പ്രതീക്ഷ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.