scorecardresearch
Latest News

മെട്രോയെ വെല്ലാൻ പുതിയ “തന്ത്ര”ങ്ങളുമായി കൊച്ചിയിലെ സ്വകാര്യ ബസുകൾ

കൊച്ചിയിലെ 411 ബസ് സർവ്വീസുകൾ എടുത്തു മാറ്റാനുള്ള തീരുമാനം ഉംറ്റയിലൂടെ നടപ്പിലാക്കാനാണ് ശ്രമം

മെട്രോയെ വെല്ലാൻ പുതിയ “തന്ത്ര”ങ്ങളുമായി കൊച്ചിയിലെ സ്വകാര്യ ബസുകൾ

കൊച്ചി: മെട്രോയുടെ വരവ് കൊച്ചി നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുകയാണ്. ഏകീകൃത ഗതാഗത സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമവും ഇതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഉൾപ്പെടുത്തുന്നത്. ഇതിനോട് അനുബന്ധിച്ചാണ് എല്ലാ ബസുടമകളോടും കെ.എം.ആർ.എൽ ഒറ്റക്കെട്ടായി ഒരു കമ്പനി രൂപീകരിക്കാൻ ആവശ്യപ്പെട്ടത്. ആവശ്യം അതേപടി അനുസരിച്ചില്ലെങ്കിലും കൊച്ചിയിലെ ബസുടമകളുടെ കൂട്ടായ്മകളും സംഘടനകളും ഏഴ് സൊസൈറ്റികളായി ഒരുമിച്ചു. എല്ലാവരും ഒത്തുചേർന്നതോടെ കൊച്ചിയിൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിന് അവസാനമായി. ബസ് ജീവനക്കാർ ചേരിതിരിഞ്ഞ് തല്ലുകൂടുന്നതും നിന്നു. എല്ലാവരും ഒന്നിച്ച് തൊഴിലെടുത്ത് ലാഭം തുല്യമായി വീതിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി.

വൈറ്റിലയിൽ നിന്ന് വൈറ്റില വരെ നഗരത്തെ ചുറ്റി ഓടിയിരുന്ന സർക്കുലർ സർവ്വീസ് ബസുകൾ മൈ മെട്രോ എന്ന പേരിലാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. നേരത്തേ തന്നെ പരസ്പരം ധാരണയോടെ പ്രവർത്തിച്ചവരാണ് ഇവർ. ഇടതനുഭാവമുള്ള കേരള ബസ് ട്രാൻസ്പോർട് അസോസിയേഷന്റെ ബസുകൾ കൊച്ചി വീൽസ് എന്ന പേര് സ്വീകരിച്ച് നിരത്തിലിറങ്ങി. കൂട്ടത്തിൽ നിഷ്‌പക്ഷ രാഷ്ട്രീയ നിലപാടുള്ള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ബസുടമകൾ പെർഫെക്ട് മോട്ടോർ ബസ് സർവ്വീസ് (പി.എം.ബി.എസ്) എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. ഗ്രേറ്റർ കൊച്ചിൻ ബസ് ട്രാൻസ്പോർട്, മുസിരിസ്, പ്രതീക്ഷ എന്നീ പേരുകളിൽ ബസുടമകൾ കമ്പനികൾ രൂപീകരിച്ചിട്ടുണ്ട്.

“ഞങ്ങൾക്ക് മെട്രോയെ വിജയിപ്പിക്കണമെന്ന് ഒരാഗ്രഹവുമില്ല. ട്രയിൻ ഓടുമ്പോൾ ഞങ്ങൾക്കും പിടിച്ച് നിൽക്കണം. അത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.” എന്ന്  പി ബി ഒ എ ജനറൽ സെക്രട്ടറി സുധീർ പറഞ്ഞു. “ഭാവിയിൽ കൊച്ചിയിൽ ഏകീകൃത ഗതാഗത സംവിധാനമായ ഉംറ്റ (UMTA) നടപ്പിലാക്കും. കൊച്ചി മെട്രോയെ വിജയിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇത്. മെട്രോ പാലത്തിന് സമാന്തരമായി റോഡിലൂടെ ഓടുന്ന 170 ബസുകൾ ഭാവിയിൽ ഉംറ്റ നിർത്തലാക്കും. അത് ബസുടമകൾക്ക് വലിയ നഷ്ടം വരുത്തും. ആ നഷ്ടം തുല്യമായി പങ്കിടാനും ബസ് ഗതാഗതത്തിനെതിരായ തീരുമാനങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ഒരുമിച്ച് നിൽക്കണം. അതിനാണ് ഇന്ന് സൊസൈറ്റി രൂപീകരിച്ചിരിക്കുന്നത്.” സുധീർ വ്യക്തമാക്കി.

കെഎംആർഎല്ലിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കൊച്ചിയിലിപ്പോൾ 773 റൂട്ടുകളിലാണ് ബസ് സർവ്വീസുള്ളത്. ഇത് മെട്രോ യാഥാർത്ഥ്യമാകുന്നതോടെ 362 ആയി ചുരുങ്ങും. ബാക്കിയുള്ള 411 സർവ്വീസുകൾ നിലവിൽ ബസ് സർവ്വീസുകളില്ലാത്ത ഇട റോഡുകളിൽ നിന്ന് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഓടിക്കുന്നതിനാണ് ഉംറ്റയിലൂടെ ഇവർ ലക്ഷ്യമിടുന്നത്.

മെട്രോ നിർമ്മാണ കാലത്തെ ഗതാഗത കുരുക്ക് ഇപ്പോൾ ഒഴിഞ്ഞിരിക്കുകയാണ്. നല്ല റോഡായതിനാൽ യാത്ര സുഖകരമായിട്ടുണ്ട്.  ഇതിന് പുറമേ മെട്രോയേക്കാൾ യാത്രക്കാരന് ലാഭകരം ബസ് തന്നെയാണ്. ആലുവ മുതൽ പാലാരിവട്ടം വരെ എത്തുന്നതിന് 40 രൂപ കൊടുക്കേണ്ടി വരുമ്പോൾ ബസിലിത് 12 രൂപ മതിയാകും.

“മെട്രോയ്‌ക്ക് ഒരിക്കലും ബസ് ഗതാഗതത്തെ തോൽപ്പിക്കാൻ ആവില്ല. പക്ഷെ ഉംറ്റ നിലവിൽ വരുമ്പോൾ ആ കുഴിയിൽ വീഴാതിരിക്കാനാണ് ഞങ്ങൾ മുൻകരുതൽ എടുക്കുന്നത്.” മൈ മെട്രോ ബസ് സർവ്വീസ് സൊസൈറ്റി ഉടമകളിലൊരാൾ പറഞ്ഞു. “ഞങ്ങൾക്ക് 36 ബസുകളാണ് ഉള്ളത്. നേരത്തേ ഞങ്ങൾ പരസ്പര ധാരണയോടെയാണ് സർവ്വീസ് നടത്തിയത്. വൈറ്റില സർക്കുലർ ബസുകളെ പറ്റി ആർക്കും ഒരു പരാതിയും ഇതുവരെയില്ല. ഒറ്റ പേരിലേക്ക് മാറുന്നത് ഒഴിച്ചാൽ ഈ സംഘത്തിന് വേറെ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കൊച്ചി മെട്രോ യാഥാർത്ഥ്യമാകുമ്പോഴും ഞങ്ങളുടെ സർവ്വീസുകൾക്ക് ഒന്നും സംഭവിക്കാതിരിക്കാനുള്ള മുൻകരുതലാണ് ഈ സൊസൈറ്റി രൂപീകരണം” സുധീർ വ്യക്തമാക്കി.

“കൊച്ചി മെട്രോ ആലുവയിൽ നിന്ന് പാലാരിവട്ടത്ത് എത്താൻ 25 മിനിറ്റാണ് പറയുന്നത്. ബസിന് ഈ ദൂരം താണ്ടാൻ 35 മിനിറ്റ് മതി. മെട്രോയ്ക്ക് 13 സ്റ്റോപ്പുകൾ മാത്രമേ ഉള്ളൂ. എന്നാൽ ബസ് സർവ്വീസിന് 10 സ്റ്റോപ്പുകൾ അധികമുണ്ട്”സുധീർ പറഞ്ഞു. “ഈ കാരണങ്ങൾ കൊണ്ട് തന്നെ ബസുകൾ മെട്രോയ്‌ക്ക് താഴെ സർവ്വീസ് നടത്തിയാൽ ട്രയിനിൽ ആരും കയറില്ലെന്ന് കെ.എം.ആർ.എല്ലിന് നല്ല ബോധ്യമുണ്ട്”-സുധീർ പറഞ്ഞു.

“ഒരു കമ്പനിയായി മാറുമ്പോൾ നമുക്ക് വേണ്ടത് എന്തായാലും നമുക്ക് വിലപേശി നേടിയെടുക്കാനാവും. അസോസിയേഷന്റെ ഭാഗത്ത് നിന്നാകുമ്പോൾ ചോദ്യം ചെയ്യാനേ സാധിക്കൂ” എന്ന് കൊച്ചി വീൽസ്(കേരള ബസ് ട്രാൻസ്പോർട് അസോസിയേഷൻ) പ്രതിനിധി നവാസ് പറഞ്ഞു. “ഭാവിയിൽ ബസുകൾ എടുത്തു മാറ്റുമ്പോൾ നഷ്ടമായാലും അത് സഹിക്കണ്ടേ. ഒറ്റയ്‌ക്ക് നിന്നാൽ ഏത് കമ്പിനായാലും ബലം ഉണ്ടാവില്ല. ഒരുമിച്ച് നിന്നാൽ മാത്രമേ ഇത് സാധിക്കൂ.” നവാസ് കൂട്ടിച്ചേർത്തു. “അവരുടെ കയ്യിൽ തിയറിയല്ലേ ഉള്ളൂ. ഞങ്ങൾക്കല്ലേ ഇവിടുത്തെ ഗതാഗത സംവിധാനത്തെ കുറിച്ച് പ്രായോഗിക ധാരണയുള്ളത്” എന്നായിരുന്നു റൂട്ടുകൾ പുന:ക്രമീകരിക്കാനുള്ള തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് നവാസ് നൽകിയ മറുപടി.

കെ.എം.ആർ.എല്ലിന് വേണ്ടി കൊച്ചിയിലെ പൊതുഗതാഗത രംഗത്ത് സർവ്വേ നടത്തിയ അർബൻ മാസ് ട്രാൻസിറ്റ് കമ്പനി 13 ലക്ഷം പേർ യാത്രക്കാരായുണ്ടെന്ന കണക്കാണ് നൽകിയത്. ഇതിൽ രണ്ട് ലക്ഷം പേർ മെട്രോയിൽ കയറിയാൽ തന്നെ മെട്രോ ലാഭത്തിലാകുമെന്ന നിഗമനത്തിലാണ് കെ എം ആർ എൽ. ഇത്രയും പേരെ മെട്രോയിലേക്ക് എത്തിക്കാനുള്ള നീക്കമാണ് കെഎംആർഎൽ ആലോചിക്കുന്നത്.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം കൊച്ചിയിൽ പരമാവധി നാല് ലക്ഷം യാത്രക്കാർ മാത്രമേ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നുള്ളൂ. “അവരൊരു പൊട്ട കണക്കും കൊണ്ടാണ് വരുന്നത്. അവസാനം എല്ലാം കൂടി ബസുകാരുടെ തലയിൽ വച്ച് കെട്ടും. മെട്രോ ലാഭത്തിലാക്കാൻ ഇപ്പോൾ പ്രധാന പാതയിൽ സർവ്വീസ് നടത്തുന്ന ബസുകളെ പ്രധാന പാതയിൽ നിന്ന് ഇടറോഡുകളിൽ സർവ്വീസ് നടത്താൻ വേണ്ടി മാറ്റും. അത് ബസുടമകൾക്ക് നഷ്ടമേ വരുത്തൂ.” സുധീർ കുറ്റപ്പെടുത്തി.

അതേസമയം കെഎംആർഎൽ ഒരു ബസും റൂട്ടിൽ നിന്ന് എടുത്തു മാറ്റുന്നില്ലെന്ന് കെ.എം.ആർഎൽ വക്താവ് സി.ആർ.രശ്മി വ്യക്തമാക്കി. “പൊതു ഗതാഗതം മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. മെട്രോ ഗതാഗത മാർഗമെന്നതിലുപരി, ജീവിത രീതിയായി മാറുന്നത് പല നഗരങ്ങളിലും കണ്ടിട്ടുണ്ട്. മൾട്ടിപ്ലക്സ് തിയേറ്ററുകൾ മധ്യവർഗ സിനിമാകാഴ്ചകൾ മാറ്റിയതുപോലെയാണിത്. അങ്ങനെ വരുമ്പോൾ മെട്രോ റൂട്ടിൽ ബസ്സുകളിൽ ആളുകൾ കുറഞ്ഞേക്കുമെന്ന ആശങ്ക മാത്രമാണ് ഞങ്ങളുടെ പഠനങ്ങൾ മുന്നോട്ടു വച്ചത്. അങ്ങനെ വന്നാൽ സാമ്പത്തികമായി നഷ്ടം വരാത്ത മറ്റു റൂട്ടുകൾ പഠിക്കാൻ കൂടി യുഎംടിസി യെ ഏൽപ്പിച്ചു” എന്ന് മാത്രമാണെന്ന് അവർ പറഞ്ഞു.

അതേസമയം ബസുകൾക്ക് പുറമേ ഓട്ടോ റിക്ഷകളെ ബന്ധിപ്പിച്ചുള്ള ഗതാഗത പരിഷ്കാരവും കൊച്ചിയിൽ കെ.എം.ആർ.എൽ ആലോചിക്കുന്നുണ്ട്. 15,000 ഓട്ടോ റിക്ഷകളുള്ള നഗരത്തിൽ കൊച്ചി മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് സർവ്വീസുകൾ പുന:ക്രമീകരിക്കുന്നതിനാണ് ആലോചന. ഇതിനായി ഓട്ടോറിക്ഷ തൊഴിലാളികളുടെ വിവിധ സംഘടനകളും തമ്മിലുള്ള ആലോചനകൾ തുടങ്ങിക്കഴിഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Private bus operators form clusters to take on kochi metro and cut revenue loss kmrl