/indian-express-malayalam/media/media_files/uploads/2023/07/sreenithya.jpg)
ശ്രീനിത്യ
സ്കൂളിൽ ബസിൽ പോകുന്ന സമയത്ത് ഡ്രൈവർ സ്റ്റിയറിങ് തിരിക്കുന്നത് ആവേശത്തോടെ നോക്കിയിരിക്കുമായിരുന്നു ശ്രീനിത്യ എന്ന കൊച്ചുകുട്ടി. വളഞ്ഞും തിരിഞ്ഞും ഒക്കെ മുന്നോട്ട് പോകുന്ന ആ കാഴ്ച, കുഞ്ഞു മനസിൽ ഡ്രൈവിങ്ങിനോടുള്ള ഇഷ്ടമായി മാറി. ഹെവി വെഹിക്കിൾ ഡ്രൈവർ ആകണമെന്ന മോഹവും ആ കുട്ടിക്കൊപ്പം വളർന്നു. വിവാഹം കഴിഞ്ഞ് ഇരട്ടക്കുട്ടികളുടെ അമ്മയായി ജീവിതം മുന്നോട്ടുകൊണ്ടുപോയപ്പോഴും ആ ആഗ്രഹം ഉപേക്ഷിച്ചില്ല. ഫോർ വീലർ ലൈസൻസ് നേടി 15 വർഷത്തെ കാത്തിരിപ്പിനുശേഷം ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി. ആഗ്രഹിച്ചതു പോലെ ഇപ്പോൾ ബസ് ഡ്രൈവറുമായി.
അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ആദ്യത്തെ വനിതാ ബസ് ഡ്രൈവറും അങ്കമാലി ഏരിയയിലെ ആദ്യ വനിതാ ഹെവി ഡ്രൈവറുമായ ശ്രീനിത്യ തന്റെ ജീവിത സ്വപ്നത്തിലേക്ക് ഓടിച്ചെത്തിയതിനെക്കുറിച്ച്ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് പറയുന്നു.
ഡ്രൈവിങ് സീറ്റിലേക്ക്
ചെറുപ്പം മുതലേ ഡ്രൈവിങ്ങിനോട് വലിയ താൽപ്പര്യമായിരുന്നു. ചെറുപ്പത്തിൽ സ്കൂളിൽ പോകുന്ന സമയത്ത് ഡ്രൈവർ സ്റ്റിയറിങ് തിരിക്കുന്നതു കാണുമ്പോൾ ആവേശത്തോടെ നോക്കി ഇരിക്കും. വളർന്നപ്പോൾ വണ്ടി ഓടിക്കണമെന്ന മോഹവും വളർന്നു. 18 വയസ് കഴിഞ്ഞപ്പോൾ ഫോർ വീലർ ഡ്രൈവിങ് ലൈസൻസ് എടുത്തു. അന്നും ഹെവി വെഹിക്കിൾ ലൈസൻസ് എടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ 21 വയസിലേ ഹെവി ലൈസൻസ് കിട്ടുകയുള്ളൂ. അപ്പോഴേക്കും കല്യാണം കഴിഞ്ഞു, മക്കളായി. പിന്നെ വീട്ടിലെ കാര്യങ്ങൾ നോക്കി ജീവിതം മുന്നോട്ടു പോയി. 15 വർഷം കാത്തിരുന്ന ശേഷമാണ് ഹെവി വെഹിക്കിൾ ലൈസൻസ് എടുക്കാനായത്.
ആദ്യം ട്രയൽ, പിന്നെപാസഞ്ചർ ട്രിപ്
ലൈസൻസ് എടുത്തു കഴിഞ്ഞപ്പോൾ അനിയത്തിയുടെ ഭർത്താവ് പ്രദീപിന്റെ വാഹനമായ മസ്ദയാണ് ആദ്യമായി ഓടിക്കാൻ തന്നത്. വേറെ വണ്ടിയും ഓടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തന്നത് അനിയൻ പ്രദീപാണ്. പിന്നെ ബസ് ഓടിച്ച് നോക്കണമെന്ന് തോന്നി. എവിഎം ഗ്രൂപ്പിന്റെ ഉടമസ്ഥനായ സോണി ചേട്ടനോട് ചോദിച്ചു. അദ്ദേഹം വന്നു ഓടിച്ചു നോക്കിക്കോളാൻ പറഞ്ഞു. ആദ്യം ട്രയൽ ഓടിച്ചു നോക്കി. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ പാസഞ്ചർ ട്രിപ് എടുത്തോളാൻ അദ്ദേഹം പറഞ്ഞു. കിട്ടിയ അവസരം പാഴാക്കാതെ ബസ് ഓടിക്കാൻ കയറി. ചുള്ളി റൂട്ടിലായിരുന്നു ആദ്യം ഓടിച്ചു നോക്കിയത്. ആദ്യം ഓടിച്ചപ്പോൾ ചെറിയ ടെൻഷനുണ്ടായിരുന്നു. അങ്കമാലി-പ്ലാന്റേഷൻ റൂട്ടിലാണ് ഇപ്പോൾ സ്ഥിരം ഓടിക്കുന്നത്. എവിഎം ഗ്രൂപ്പിന്റെ ഭാഗത്തുനിന്നും നല്ല പിന്തുണയാണ് . കൂടെ ജോലി ചെയ്യുന്നവരും നല്ല സഹകരണമാണ്.
ആളുകളുടെ കൗതുകം
ഒരു സ്ത്രീ ബസ് ഓടിക്കുന്നത് കാണുമ്പോൾ ആദ്യം എല്ലാവരും കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു. യാത്രക്കാരും ആദ്യമൊക്കെ അതിശയത്തോടെ നോക്കുമായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. ഒരു ദിവസം കണ്ടില്ലെങ്കിൽ എന്താ വരാത്തതെന്നൊക്കെ യാത്രക്കാരും അന്വേഷിക്കാറുണ്ട്. എല്ലാവരും നല്ല സ്നേഹത്തോടെയാണ് ഇടപെടുന്നത്.
കുടുംബത്തിൽനിന്നുള്ള പിന്തുണയാണ് കരുത്ത്
ഭർത്താവ് മനോജ് മൊബൈൽ സർവീസ് സെന്റർ നടത്തുന്നു. എനിക്ക് ഇരട്ട കുട്ടികളാണ്. 10 വയയുള്ള ശ്രീദുർഗയും ശ്രീറാമും. മക്കൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും നല്ല പിന്തുണയാണ് കിട്ടുന്നത്. അവരുടെ പിന്തുണ കൊണ്ടാണ് എനിക്ക് ഈ ജോലി തുടരാൻ കഴിയുന്നത്. മക്കൾക്കും ഞാൻ ബസ് ഓടിക്കുന്നത് ഇഷ്ടമാണ്. അവരുടെ അമ്മ ബസ് ഡ്രൈവറാണെന്ന് അഭിമാനത്തോടു കൂടിയാണ് അവർ പറയുന്നത്.
/indian-express-malayalam/media/media_files/uploads/2023/07/Sreenithya-Family.jpg)
നല്ല ധൈര്യം വേണം
പേടിയുണ്ടെങ്കിൽ വണ്ടി ഓടിക്കാൻ കഴിയില്ല, നല്ല ധൈര്യം വേണ്ട ഫീൽഡാണ് ഡ്രൈവിങ്. പ്രാർത്ഥനയോടെയാണ് വണ്ടി ഓടിക്കാറുള്ളത്. ഇത്രയും പേരുടെ ജീവൻ എന്റെ കയ്യിലാണല്ലോ എന്നെപ്പോഴും ഓർക്കാറുണ്ട്.
ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിന്റെ സന്തോഷമുണ്ട്
ഞാൻ വളരെ സന്തോഷത്തിലാണ്. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിന്റെ സന്തോഷമുണ്ട്. ഇനിയും കൂടുതൽ പെൺകുട്ടികൾ ഈ മേഖലയിലേക്ക് വരണമെന്നു തന്നെയാണ് ആഗ്രഹം. ആഗ്രഹങ്ങൾ മനസിൽ വച്ചുകൊണ്ട് നടക്കാതെ കിട്ടുന്ന അവസരങ്ങൾ പരമാവധി വിനിയോഗിക്കാൻ ശ്രമിക്കുക. നല്ല പിന്തുണയുള്ള കുടുംബവും സഹപ്രവർത്തകരും ഉണ്ടെങ്കിൽ ഏതൊരു പെൺകുട്ടിക്കും ധൈര്യത്തോടെ മുന്നോട്ടു വരാവുന്ന മേഖലയാണ് ഡ്രൈവിങ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us