തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധന ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കാൻ ആലോചന. ബസ്ചാർജ് വർധനയുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് നൽകിയ ശുപാർശകൾക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതായാണ് വിവരം. 2.5 കിലോമീറ്റർ ദൂരത്തിനുള്ള മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണു ശുപാർശ.
ബിപിഎൽ കുടുംബങ്ങളിൽനിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാർഥികളുടെയും മിനിമം ചാർജ് 5 രൂപയായി കൂട്ടും. നിലവിൽ ഒന്നര കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് രണ്ടു രൂപയുമാണ് വിദ്യാർഥികളുടെ നിരക്ക്.
ബസ് നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വർധന മകരവിളക്കിന് ശേഷമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് ബസുടമകൾ സമരം നീട്ടിവച്ചിരിക്കുന്നത്. ബസുടമുകളുമായി ഒരിക്കൽ കൂടി ഗതാഗതമന്ത്രി ചർച്ച നടത്തിയശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.
Read More: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു; 29 ന് മടങ്ങിയെത്തും