കൊച്ചി: തട്ടിക്കൊണ്ടുപോകപ്പെട്ട നടി ജീവിതത്തിൽ കാണിക്കുന്നത് അസാമാന്യ ധൈര്യമാണെന്ന് പ്രമുഖ നടൻ പൃഥ്വിരാജ്. അദ്ദേഹം നായകനാകുന്ന ‘ആദം’ സിനിമയുടെ പൂജയ്ക്ക് മുൻപ് ഫോർട്ട് കൊച്ചിയിലെ ചിത്രീകരണ ലൊക്കേഷനിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

“ഈ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിംഗിന്റെ പ്രാധാന്യത്തെ കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഒരു വലിയ അപേക്ഷയാണ് എനിക്ക് നിങ്ങളോട് അറിയിക്കാനുള്ളത്. നടിക്ക് ഇന്ന് നിങ്ങളോട് സംസാരിക്കാൻ കഴിയില്ല. അതിന് നിയമപരമായും അല്ലാതെയും തടസ്സങ്ങളുണ്ട്. അതുകൊണ്ട് നടി മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്ന് പ്രതീക്ഷിക്കരുത്. ഇത് നടി തിരിച്ച് ഷൂട്ടിംഗിന് വരുന്ന ആദ്യ ദിവസമാണ്. അതുകൊണ്ട് എനിക്ക് വേണ്ടി, നടിക്ക് വേണ്ടിയും സിനിമയ്ക്ക് വേണ്ടിയും നന്മയ്ക്ക് വേണ്ടിയും അപേക്ഷിക്കുകയാണ്. നടി വരുന്പോൾ നാൽപ്പത് കാമറകളുമായി നിങ്ങൾ ആക്രമിക്കരുത്. അത് ചെയ്യാൻ മാത്രമുള്ള നന്മ കേരളത്തിലെ മാധ്യമസുഹൃത്തുക്കൾക്ക് ഉണ്ട് എന്ന വിശ്വാസത്തിലാണ് ഞാനീ അപേക്ഷ മുന്നോട്ട് നടത്തുന്നത്.”

നടി മാധ്യമങ്ങൾക്ക് മുന്നിൽ വരുമോ ഇല്ലയോ എന്ന കാര്യം പറയാൻ താനാളല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഷൂട്ടിംഗിന് നടി വരുന്പോൾ തടസ്സം സൃഷ്ടിക്കരുതെന്ന് മാത്രമാണ് അഭ്യർത്ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. എനിക്കെന്തെങ്കിലും പറയാനുള്ളത് കൊണ്ടല്ല ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്നതെന്നും പറയാനുള്ളതെല്ലാം ഫെയ്സ്ബുക്കിൽ പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ