കൊച്ചി: നടൻ പൃഥ്വിരാജിന്റെ പുതിയ ബിഎംഡബ്ല്യു 7 സീരീസ് കാറിന്റെ രജിസ്ട്രേഷൻ ഗതാഗത വകുപ്പ് തടഞ്ഞു. യഥാർഥ വിലയുമായി 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടർന്നാണ് നടപടി. എന്നാൽ ഇത് പൃഥ്വിരാജിന്റെ കുഴപ്പമല്ലെന്നും ഡീലർമാരുടെ ഭാഗത്തുനിന്നു വന്ന പിഴവാണെന്നും എറണാകുളം റീജിയണൽ ആർടിഒ കെ.മനോജ് കുമാർ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“പൃഥ്വിരാജിന്റെ അറിവോടെയുള്ള​ കാര്യമല്ല ഇത്. ഡീലറുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണ്. കേരളത്തിൽ മുഴുവൻ നികുതി അടയ്ക്കുന്ന വ്യക്തികളിൽ​ ഒരാളാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ വാഹനങ്ങളെല്ലാം കേരള രജിസ്ട്രേഷനാണ്. മറ്റ് പലരും തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും പോയി രജിസ്ട്രേഷൻ നടത്തുമ്പോൾ, പൃഥ്വിരാജ് കേരളത്തിൽ തന്നെ വാഹനം രജിസ്റ്റർ ചെയ്ത് മുഴുവൻ നികുതിയും അടയ്ക്കാറുണ്ട്,” റീജിയണൽ ആർടിഒ പറഞ്ഞു.

ഒരു കോടി 64 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യു 7 സീരീസ് കാറിന് 1.34 കോടി രൂപയെന്ന് കാണിച്ചാണ് റോഡ് നികുതി അടച്ചത്. 30 ലക്ഷം രൂപ ഡിസ്കൗണ്ട് ഇനത്തിൽ കുറച്ച് നൽകിയതാണെന്ന് ഡീലർ പറയുമ്പോൾ, ആഡംബര വാഹനങ്ങൾക്ക് റോഡ് ടാക്സിന് അത്തരം ഇളവ് അനുവദിക്കുന്നില്ലെന്ന് ആർടിഒ വ്യക്തമാക്കി.

“ഡിസ്കൗണ്ട് കോളത്തിൽ 30 ലക്ഷം എന്നാണ് അവർ കാണിച്ചിട്ടുള്ളത്. പക്ഷേ ഡിസ്‍കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. യാതൊരു വിധ കിഴിവുകളും റോഡ് നികുതിയുടെ കാര്യത്തിൽ ബാധകമല്ലെന്ന് കൃത്യമായി പറയുന്നുണ്ട്. അതായത് 1.64ന് തന്നെ നികുതി അടയ്ക്കണം. 30 ലക്ഷം ഡിസ്കൗണ്ട് കസ്റ്റമർക്ക് ഡീലർ നൽകുന്നതാണ്. സർക്കാരിന് അതുമായി ബന്ധമില്ല. ഒരേ വാഹനത്തിന് ഒരേ നിരക്കിൽ നികുതി ഈടാക്കാനാണ് ഡിസ്കൗണ്ട് നൽകാത്തത്,” റീജിയണൽ ആർടിഒ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.