കൊച്ചി: പൃഥ്വിരാജിന് മോട്ടോർ വാഹന വകുപ്പിന്റെ പ്രശംസ. തന്റെ പുതിയ ആഡംബര കാർ അരക്കോടി നികുതി അടച്ച് പൃഥ്വി കൊച്ചിയിൽ റജിസ്റ്റർ ചെയ്തു. നടന്റെ ഈ പ്രവൃത്തിയെയാണ് മോട്ടോർവാഹന വകുപ്പ് പ്രശംസിച്ചത്. കേരളത്തിലെ നികുതിയിൽനിന്നും രക്ഷപ്പെടാൻ താരങ്ങൾ പുതുച്ചേരിയിൽ വ്യാജ മേൽവിലാസത്തിൽ കാർ റജിസ്റ്റർ ചെയ്യുമ്പോഴാണ് ആഡംബര കാർ കേരളത്തിൽ റജിസ്റ്റർ ചെയ്ത് പൃഥ്വി വ്യത്യസ്തനായത്.

3 കോടിക്കു മുകളിൽ വിലവരുന്ന ഇറ്റാലിയൻ കമ്പനിയായ ലംബോർഗിനിയുടെ ഹുറാക്കാൻ കാറാണ് പൃഥ്വി അടുത്തിടെ വാങ്ങിയത്. കാറിന് ഇഷ്ടപ്പെട്ട നമ്പർ സ്വന്തമാക്കാനായി പൃഥ്വിരാജ് ലക്ഷങ്ങൾ ചെലവാക്കിയിരുന്നു. എറണാകുളം ആർടിഒ ഓഫീസിൽ നടന്ന ലേലത്തിലാണ് ‘KL 07 CN 1’ എന്ന നമ്പർ 7 ലക്ഷം രൂപ നൽകിയാണ് പൃഥ്വി ഇഷ്ട നമ്പർ സ്വന്തമാക്കിയത്.

പൃഥ്വിരാജിന്റെ പ്രതിനിധിയാണ് ലേലത്തിനെത്തിയത്. 5 പേരാണ് ലേലത്തിൽ പങ്കെടുത്തത്. ഒരു ലക്ഷം രൂപ ഫീസടച്ച് പൃഥ്വിരാജ് നേരത്തെ നമ്പർ ബുക്ക് ചെയ്തിരുന്നു. എന്നാൽ ഇതേ നമ്പറിന് 4 പേർ കൂടി ആവശ്യം അറിയച്ചതോടെയാണ് ലേലം നടത്താൻ തീരുമാനിച്ചത്.

10,000 രൂപയ്ക്കാണ് ലേലം വിളി തുടങ്ങിയത്. ഒടുവിൽ അഞ്ചര ലക്ഷം വരെ എത്തി. ഇതോടെ ആറുലക്ഷത്തിന് പൃഥ്വിരാജിന്റെ പ്രതിനിധി ലേലം വിളിച്ചു. തുടർന്ന് മറ്റുളളവർ ലേലത്തിൽനിന്ന് പിന്മാറി.

കഴിഞ്ഞ മാസം ബെംഗളൂരുവില്‍നിന്ന് ബുക്ക് ചെയ്ത വാഹനം ഏതാനും ദിവസങ്ങൾക്കു മുൻപാണ് പൃഥ്വിയുടെ വീട്ടില്‍ എത്തിയത്. 5000 സിസിയില്‍ 571 എച്ച്പി കരുത്തുള്ള വാഹനത്തിന് കേരളത്തില്‍ ഏതാണ്ട് നാല് കോടിയോളം രൂപ വില വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ