കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചി കനത്ത സുരക്ഷ വലയത്തിൽ. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കടന്നുപോകുന്ന പാതയിലാകെ പൊലീസിനെ അണിനിരത്തിയതിന് പുറമേ മറ്റ് സുരക്ഷാ വിഭാഗങ്ങളെയും കൊച്ചിയിൽ ഇറക്കിയിട്ടുണ്ട്.

എല്ലാ ബസുകളിലും ജംഗഷനുകളിലും പൊലീസുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ നിഴൽ പൊലീസിനെയും വൻതോതിൽ അണിനിരത്തിയിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ തന്നെ നഗരം പൊലീസ് നിരീക്ഷണത്തിലാണ്. രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ എഐജിമാരായ അനീഷ് സിരോഹി, രാജേഷ് കുമാര്‍, ടി.കെ.ഗൗതം എന്നിവർ പ്രധാനമന്ത്രി എത്തുന്ന സ്ഥലങ്ങളും യാത്രാപാതയും സന്ദര്‍ശിച്ച് കേരള പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.

ശനിയാഴ്ച രാവിലെ 10.15 നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ദക്ഷിണ നാവികസേന വിമാനത്താവളമായ ഐഎൻഎസ് ഗരുഡയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക. ഇവിടെ നിന്ന് റോഡ് മാർഗ്ഗം പ്രധാനമന്ത്രി തേവര, പള്ളിമുക്ക് വഴി ജോസ് ജംഗ്ഷനിലെത്തും. പിന്നീട് ബി.ടി.എച്ച് ജംഗ്ഷനിലേക്ക് തിരിക്കും. മേനക വഴി ഹൈക്കോടതി ജംഗ്ഷനിലെത്തിയ ശേഷം ബാനർജി റോഡ് വഴി കച്ചേരിപ്പടി, കലൂർ ജംഗ്ഷനുകൾ പിന്നിട്ട് പാലാരിവട്ടത്ത് എത്തും.

സന്ദർശനത്തോടനുബന്ധിച്ച് 9.45 മുതൽ ഇദ്ദേഹം സഞ്ചരിക്കുന്ന റോഡുകളിലേക്ക് മറ്റ് വാഹനങ്ങളുടെ പ്രവേശനം വിലക്കും. പിന്നീട് 1.30 വരെ നഗരത്തിൽ പ്രധാനമന്ത്രിയുടെ യാത്ര കണക്കാക്കി പലയിടത്തും റോഡുകളിൽ പൂർണ്ണമായോ ഭാഗികമായോ ഗതാഗതം തടസപ്പെടും. കലൂരിൽ നിന്ന് കതൃക്കടവ് റോഡ് വഴിയും നോർത്ത് ഭാഗത്ത് നിന്ന് ചിറ്റൂർ റോഡ് വഴിയും, എം.ജി റോഡ് വഴിയുമാണ് ഈ സമയത്ത് ഗതാഗതം തിരിച്ചുവിടുക.

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾ മൊബൈൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കാറിന്റെ റിമോട്ട് നിയന്ത്രിത താക്കോൽ, വെള്ളം, ബാഗ് എന്നിവ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി എത്തുന്നതിനും ഒരു മണിക്കൂർ മുൻപ് തന്നെ ക്ഷണിക്കപ്പെട്ടവർ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സെന്റ് തെരേസാസ് കോളേജിൽ നടക്കുന്ന വായനാമാസാചരണ പരിപാടിയിലും ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം ഉള്ളത്. ഇവിടെയും ഒരു മണിക്കൂർ മുൻപ് എല്ലാവരും എത്തണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.