തിരുവനന്തപുരം: ആശങ്കകൾക്കെല്ലാം വിരാമമായി. ജൂൺ 17ന് മലയാളികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സംസ്​ഥാന സർക്കാറി​​​ന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പ്​ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന്​ ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മെട്രോ ആരംഭിക്കുന്ന ആലുവയിലാകും ഉദ്ഘാടന പരിപാടികള്‍ നടക്കുക. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ആദ്യഘട്ടത്തില്‍ മെട്രോ ഓടുന്നത്. ഇതിനിടെ 11 സ്‌റ്റേഷനുകളുണ്ട്. റൂട്ടില്‍ ഇപ്പോള്‍ ട്രയല്‍ റണ്‍ നടക്കുന്നുണ്ട്.

ഇതുവരെ നടത്തിയ പരീക്ഷണ ഓട്ടങ്ങളെല്ലാം പൂര്‍ണമായും വിജയമായിരുന്നു. ആറു ട്രെയിനുകളാണ് പരീക്ഷണ ഓട്ടങ്ങള്‍ നടത്തിയത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ദൂരം 25 മിനിട്ടുകൊണ്ട് എത്താൻ സാധിക്കും. മെട്രോയില്‍ ഒരു സമയം 975 പേര്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കും. സ്മാര്‍ട്ട് കാര്‍ഡുകളുടെ സേവനം മുഖാന്തരമാണ് മെട്രോയില്‍ യാത്ര സുഗമമാക്കുന്നത്. ആകെ ഒന്‍പത് ട്രെയിനുകള്‍ എത്തിയതില്‍ ആറെണ്ണം മാത്രമെ നിരത്തുകളില്‍ ഇറങ്ങുകയൊള്ളു. മൂന്നെണ്ണം കരുതലായി യാര്‍ഡില്‍ സൂക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്.

നേരത്തേ മെട്രോ ഉദ്ഘാടനം സംബന്ധിച്ച് ആശക്കുഴപ്പം നിലനിന്നിരുന്നു. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍ പിന്നീട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മെട്രോ ഉദ്ഘടാനം ജൂണ്‍ ആദ്യവാരം നടക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയത് വിവാദമായി.

വിദേശ സന്ദര്‍ശനത്തിന് പോകുന്നതിനാല്‍ പ്രധാനമന്ത്രിക്ക് ജൂണ്‍ ആദ്യവാരം എത്താന്‍ സാധിക്കില്ലായിരുന്നു. പ്രധാനമന്ത്രിയെ കാക്കാതെ ഉദ്ഘാടനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ സമയം കൂടി പരിഗണിച്ചേ ഉദ്ഘാടന തീയതി നിശ്ചയിക്കൂ എന്ന് വ്യക്തമാക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.