കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാത്രി 11.35 ന് കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങും.

ശനിയാഴ്ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ പ്രത്യേക ഹെലികോപ്ടറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. രണ്ട് മണിക്ക് തിരിച്ചു പോകും.

പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുള്ള യോഗം എറണാകുളം കലക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷതയില്‍ ചേര്‍ന്നു. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ഡി സി പി ഡോ. ഹിമേന്ദ്ര നാഥ്, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More: താമരപ്പൂക്കള്‍ കൊണ്ട് മോദിക്ക് തുലാഭാരം; പ്രധാനമന്ത്രി ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് നന്ദി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ചില വഴിപാടുകളും നടത്തുമെന്ന് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചു. തുലാഭാരമാണ് ഇതില്‍ പ്രധാനം. താമരപ്പൂക്കള്‍ കൊണ്ടാകും മോദിക്ക് തുലാഭാരം നടത്തുക എന്ന് അധികൃതര്‍ പറയുന്നു. താമരപ്പൂക്കള്‍ക്കൊപ്പം കദളിപ്പഴം കൊണ്ടും തുലാഭാരം നടത്താനാണ് സാധ്യത.

തുലാഭാരത്തിന് പുറമേ മറ്റ് വഴിപാടുകളും പൂജകളും നടത്താനാണ് സാധ്യത. വഴിപാടുകളെ സംബന്ധിച്ച് അന്തിമ നിര്‍ദേശം പ്രധാന മന്ത്രിയുടെ ഓഫിസ് നല്‍കിയിട്ടില്ല. നിര്‍ദേശം ലഭിച്ചെങ്കില്‍ മാത്രമേ ക്ഷേത്രം അധികൃതര്‍ ഒരുക്കം ആരംഭിക്കൂ.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. ഇതിന് മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തിയിരുന്നു. താമരപ്പൂക്കള്‍, കദളിപ്പഴം എന്നിവ കൊണ്ടാണ് അന്ന് മോദിക്ക് തുലാഭാരം നടത്തിയത്. പ്രധാനമന്ത്രി വരുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ എസ്.പി യതീഷ് ചന്ദ്ര ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

പ്രധാനമന്ത്രിയായി തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ കേരളാ സന്ദര്‍ശനമാണ് മോദിയുടേത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ഔദ്യോഗിക വിവരം കിട്ടിയത്.

ജൂണ്‍ എട്ടിന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്ര ദര്‍ശനത്തിനായി മോദി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയായി തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ കേരളാ സന്ദര്‍ശനമാണ് മോദിയുടേത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ഔദ്യോഗിക വിവരം കിട്ടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook