തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച പ്രദേശങ്ങൾ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദർശിക്കില്ല. തിരുവനന്തപുരത്ത് ഒരു മണിക്കൂർ മാത്രമേ ഇദ്ദേഹം സമയം ചിലവഴിക്കൂ എന്നാണ് വിവരം. ഇവിടെ വച്ച് തന്നെ മുഖ്യമന്ത്രി പിണറായി വിജയനെയും കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെയും കാണാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.

തിരുവനന്തപുരത്തിനു പുറമെ ലക്ഷദ്വീപും കന്യാകുമാരിയും അദ്ദേഹം സന്ദര്‍ശിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാൽ ഈ തീരുമാനത്തിലും മാറ്റമുണ്ട്. പ്രധാനമന്ത്രി കേരളത്തിലെത്തണമെന്നും ഓഖി ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ലത്തീന്‍ സഭയടക്കം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച കേരളത്തിൽ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ സന്ദർശനം നടത്തിയിരുന്നു. ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം വെട്ടിക്കുറച്ച സാഹചര്യത്തിൽ ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാട് കാത്തിരുന്ന് അറിയേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ