തിരുവനന്തപുരം: സംസ്ഥാനത്ത് റെയില്‍വേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം സെന്‍ട്രേല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ റെയില്‍വെ ട്രാക്കുകളില്‍ കൂടുതല്‍ വേഗതയിലുള്ള ട്രെയിനുകളെ സ്വീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ നവീകരിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി പച്ചക്കൊടി വീശീയത്.
രാജ്യാന്തര നിലവാരത്തിലും വിമാനത്താവളങ്ങളുടെ മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും. തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, ശിവഗിരി, കോഴിക്കോട് സ്റ്റേഷനുകളുടെ നവീകരണ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കില്ലിട്ടത്. പ്രത്യേക ലൗഞ്ചുകള്‍, അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഇടനാഴികള്‍, ബഹുനില പാര്‍ക്കിംഗ് സംവിധാനം, സ്റ്റേഷനിലേക്ക് എത്തുന്നതിനും പുറത്തേക്ക് പോകുന്നതിനുമുള്ള കണക്ടിവിറ്റികള്‍ തുടങ്ങിയവ സ്റ്റേഷനുകളില്‍ ഒരുക്കും.
നേമം-തിരുവനന്തപുരം-കൊച്ചുവേളി സമഗ്ര വികസന പദ്ധതി
157 കോടി രൂപയുടെ ചെലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും ഉപഗ്രഹ ടെര്‍മിനലുകളുമായി നേമം, കൊച്ചുവേളി, എന്നിവിടങ്ങളെ വികസിപ്പിക്കുന്ന പദ്ധതിയാണിത്. കൊച്ചുവേളിയെ ഉപഗ്രഹ ടെര്‍മിനലായി നവീകരിക്കുകയും നേമത്ത് പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതില്‍ കൊച്ചുവേളി ടെര്‍മിനലിന്റെ നവീകരണം മൂന്ന് ഘട്ടങ്ങളായി പൂര്‍ത്തീകരിച്ചു. മൂന്ന് ടെര്‍മിനലുകളിലായി ട്രെയിന്‍ സര്‍വീസുകള്‍ വിന്യസിക്കുന്നതിലൂടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്കും പ്ലാറ്റ്ഫോം അസൗകര്യങ്ങളും ഗണ്യമായി കുറയ്ക്കാനാവും. എറണാകുളം ഭാഗത്തേക്കും നാഗര്‍കോവില്‍, മധുര ഭാഗങ്ങളിലേക്കുമുള്ള ട്രെയിനുകള്‍ ഇതോടെ നേമം കേന്ദ്രീകരിച്ച് നടത്താന്‍ സാധിക്കും.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ ട്രാക്ക് നവീകരണം
വളവുകളും വേഗനിയന്ത്രണങ്ങളും മൂലം ട്രെയിനുകള്‍ കടന്നു പോകുന്നതിനായി കൂടുതല്‍ സമയം വേണ്ടി വരുന്ന തിരുവനന്തപുരം-ഷൊര്‍ണൂര്‍ സെക്ഷനിലെ 326.83 കീലോമീറ്ററിലെ ട്രാക്ക് നവീകരണത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു ട്രാക്കിലെ വളവുകള്‍ നിവര്‍ത്തിയും ബലക്ഷയമുള്ള ഭാഗങ്ങള്‍ മാറ്റി നിര്‍മ്മിച്ചും 381 കോടി രൂപ ചെലവിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
പാലക്കാട്-പളനി-ദിണ്ടിഗല്‍ വൈദ്യുതീകരണം
179 കിലോമീറ്റര്‍ വൈദ്യുതീകരിച്ച പാലക്കാട് പളനി- ദിണ്ടിഗല്‍ പാത നാടിന് സമര്‍പ്പിച്ചു. 242 കോടി രൂപയില്‍ വൈദ്യുതീകരണം പൂര്‍ത്തിയായതോടെ ഈ പാതയിലൂടെ ട്രെയിനുകള്‍ക്ക് സമയ ലാഭവും കൂടുതല്‍ വേഗതയും ലഭിക്കും. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് ട്രാക്ഷന്‍ മാറ്റുന്നതിന് വേണ്ടി വരുന്ന സമയമാണ് ഇതോടെ ലാഭിക്കാനാവും.