കൊച്ചി: ചേകന്നൂര്‍ മൗലവി കേസിൽ ഒന്നാം പ്രതി പി.വി.ഹംസയെ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു. ഹംസയ്ക്ക് വിധിച്ചിരുന്ന ഇരട്ട ജീവപര്യന്തം ശിക്ഷയും ഹൈക്കോടതി റദ്ദാക്കി.

കേസിൽ മറ്റ് എട്ടു പ്രതികളെയും സിബിഐ പ്രത്യേക കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഹംസയെ മാത്രമാണ് ശിക്ഷിച്ചത്. ഇതോടെ കേസിൽ എല്ലാവരും സ്വതന്ത്രരായി. ചേകന്നൂർ മൗലവിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയ സംഘത്തിൽ പി.വി.ഹംസയെ, മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മ തിരിച്ചറിഞ്ഞിരുന്നു. ഇതാണ് ശിക്ഷ ലഭിക്കാൻ വഴിയൊരുക്കിയത്.

മൗലവിയെ ദുരുദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിനാണ് ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചത്. 1993 ജൂലൈ 29നായിരുന്നു ചേകന്നൂര്‍ മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും കേസ് അന്വേഷിച്ചു. ഒടുവില്‍ സിബിഐക്ക് കേസ് കൈമാറുകയായിരുന്നു.

ഖുറാൻ സുന്നത്ത് സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനായിരുന്ന ചേകന്നൂർ മൗലവി പ്രശസ്തനായ ഇസ്‌ലാമിക പണ്ഡിതനായിരുന്നു. ചേകന്നൂരിനെ അദ്ദേഹത്തിന്റെ 56-ാം വയസ്സിൽ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകുയും പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുകയും ചെയ്തു.

1993 ജൂലൈ 29-നാണ് ദുരൂഹസാഹചര്യത്തിൽ ചേകന്നൂർ മൗലവിയെ കാണാതാകുന്നത്. മതപ്രഭാഷണത്തിനാണ് എന്ന പേരിൽ ചിലർ ഇദ്ദേഹത്തെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇദ്ദേഹം കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവരുകയായിരുന്നു. ഏറെ കാലത്തെ അന്വേഷണത്തിന് ശേഷമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായിരുന്ന ചേകന്നൂർ പി.കെ.മുഹമ്മദ് അബുൽ ഹസൻ മൗലവിയാണ് ചേകന്നൂർ മൗലവി എന്ന് അറിയപ്പെട്ടിരുന്നത്. ഖുർആൻ അടിസ്ഥാനമാക്കിയുളള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അദ്ദേഹത്തെ വധിച്ചതെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ