കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്താ പദവി ഒഴിയണമെന്ന ആവശ്യത്തില്‍ വൈദികര്‍ ഉറച്ചുനില്‍ക്കുന്നു. ആലഞ്ചേരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് അതിരൂപതയിലെ വൈദികര്‍ നടത്തുന്ന ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. പ്രശ്‌ന പരിഹാരത്തിനായി സ്ഥിരം സിനഡുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും ആയില്ല. അതിനാല്‍ ചര്‍ച്ചയ്ക്ക് ശേഷവും ഉപവാസ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എതിരായ വൈദിക പ്രതിഷേധം അവസാനിപ്പിക്കാൻ സമരം ചെയ്യുന്നവരുടെ പ്രതിനിധികളായ ഒമ്പത് വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധിയും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്താണ് ഇന്നലെ ചർച്ച നടത്തിയത്. മാർ ജോർജ് ആലഞ്ചേരിയെ ഓഗസ്റ്റിൽ നടക്കാൻ പോകുന്ന സിനഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്നും സഹായ മെത്രാൻമാരെ തിരിച്ചെടുക്കണമെന്നും വെെദികർ ആവശ്യപ്പെടുന്നു.

Read Also: എറണാകുളം-അങ്കമാലി അതിരൂപതയില്‍ പൊട്ടിത്തെറി; ആലഞ്ചേരിക്കെതിരെ പടയൊരുക്കം

ഉള്‍പ്പോരില്‍ ആടിയുലയുകയാണ് എറണാകുളം-അങ്കമാലി അതിരൂപത. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത് സീറോ മലബാർ സഭയെ തന്നെ പ്രതിസന്ധിയിലാക്കുന്നു. കർദിനാളിനെതിരെ വൈദികര്‍ അതിരൂപത ആസ്ഥാനത്ത് തന്നെയാണ് പ്രാര്‍ഥനാ ഉപവാസ സമരം നടത്തുന്നത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള പുതിയ അധ്യക്ഷനെ വേണമെന്നുമാണ് ഉപവാസ സമരം നടത്തുന്ന വൈദികരുടെ പ്രധാന ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും വൈദികര്‍ പറയുന്നു. പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പ്രതിഷേധം നടത്തുന്ന വൈദികര്‍ പറഞ്ഞിട്ടുണ്ട്.

ബുധനാഴ്ച ഫൊറോന വികാരിമാരുടെ യോഗം കര്‍ദിനാള്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് വൈദികര്‍ കര്‍ദിനാളിനെതിരായ പ്രതിഷേധം കടുപ്പിച്ചത്. തങ്ങളുടെ പല ചോദ്യങ്ങള്‍ക്കും കര്‍ദിനാള്‍ നല്‍കിയ ഉത്തരങ്ങളില്‍ വ്യക്തതയില്ലെന്നാണ് വൈദികര്‍ പറയുന്നത്. കര്‍ദിനാള്‍ 14 കേസുകളില്‍ പ്രതിയാണെന്നും എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പായി അദ്ദേഹം തുടരേണ്ടതില്ലെന്നും വൈദികര്‍ പറയുന്നു. സിനഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് ആലഞ്ചേരിയെ മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഫാ.ജോസ് വയലിക്കോടത്താണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നേരത്തെയും കര്‍ദിനാളിനെതിരെ പ്രതിഷേധവുമായി വൈദികര്‍ രംഗത്തെത്തിയിരുന്നു. സഹായ മെത്രാന്‍മാരെ അറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് മാറ്റിയ നടപടിയെ വൈദികര്‍ ചോദ്യം ചെയ്യുകയായിരുന്നു. കര്‍ദിനാളിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്ന് വിമത വൈദികര്‍ നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.