കൊച്ചി: ഭൂമി വില്‍പ്പന കുംഭകോണത്തിന്റെ പേരില്‍ സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കര്‍ദിനാള്‍ സ്ഥാനത്തുനിന്നു നീക്കുന്നതിലേക്കെത്തിച്ചേക്കുമെന്നു സൂചന.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടു പുറത്തുവരുന്നതിനു മുമ്പുതന്നെ കര്‍ദിനാളിനെ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും ബിഷപ്പുമാരും ഒപ്പിട്ട പരാതി മാര്‍പാപ്പയ്ക്ക് അയക്കാന്‍ തീരുമാനിച്ചതോടെയാണ് അതിരൂപതയിലെ ഭൂമി വിവാദം പുതിയ തലത്തിലേക്കു നീങ്ങുന്നത്.

എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം അന്വേഷിക്കാന്‍ ആറംഗ സംഘത്തെ കര്‍ദിനാള്‍ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ജനുവരി 31-നാണ് സമര്‍പ്പിക്കുക. എന്നാല്‍ ഇതിനു കാത്തിരിക്കേണ്ടെന്നും കര്‍ദിനാളിനെ പദവിയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് കമ്മീഷൻ നൽകിയ പ്രാഥമിക റിപ്പോർട്ടിന്രെ അടിസ്ഥാനത്തിൽ മാര്‍പാപ്പയ്ക്കു പരാതി നല്‍കാനുള്ള നീക്കത്തിലാണിപ്പോള്‍ വൈദിക കൂട്ടായ്മ.

ഭൂമി കുംഭകോണം അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടു തന്നെ കര്‍ദിനാളും രണ്ടു വൈദികരുമുള്‍പ്പടെ വില്‍പ്പനയ്ക്കു നേതൃത്വം നല്‍കിയ ഫിനാന്‍സ് സമിതിക്കു വീഴ്ച പറ്റിയെന്നു കണ്ടെത്തിയിരുന്നു. ഈ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന രണ്ടു വൈദികര്‍ ഭൂമി വില്‍പ്പന ഇടപാടിലെ സുതാര്യതയില്ലായ്മയില്‍ പ്രതിഷേധിച്ചാണ് കമ്മിറ്റിയില്‍ നിന്നു രാജിവച്ചതെന്ന് വൈദികർ പറയുന്നു. അതുകൊണ്ടുതന്നെ അന്തിമ റിപ്പോര്‍ട്ടില്‍ ഇപ്പോഴത്തേതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളായിരിക്കും പുറത്തുവരിക. ഈ സാഹചര്യത്തില്‍ കര്‍ദിനാള്‍ മാറി നിന്നേ മതിയാകൂ. സാധാരണ ഏതെങ്കിലും വൈദികര്‍ക്കെതിരേ ആരോപണമുണ്ടാകുമ്പോള്‍ പദവികളില്‍ നിന്നു മാറ്റിനിര്‍ത്താറാണു പതിവ്, ഇത് കര്‍ദിനാളിനും ബാധകമാണ്. അതുകൊണ്ടു തന്നെ കര്‍ദിനാള്‍ മാറി നില്‍ക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആവശ്യം, എറണാകുളം-അങ്കമാലി അതിരൂപയിലെ ഒരു വൈദികന്‍ നിലപാടു വ്യക്തമാക്കുന്നു.

സഭയെ സംബന്ധിച്ചടത്തോളം ഇതൊരു സാമ്പത്തിക വീഴ്ച മാത്രമല്ല, ധാർമ്മികമായ വീഴ്ച കൂടെയാണ് സംഭവിച്ചിരിക്കുന്നതെന്ന് വൈദികർ പറയുന്നു. തങ്ങളുടെ നിലപാട് ശക്തമാക്കുന്നതിന് കാരണം ഇതിലെ ധാർമ്മിക വീഴ്ചയുടെ അടിസ്ഥാനത്തിലാണെന്നാണ് അവരുടെ വാദം.

വിവാദം കത്തിപടർന്ന സാഹചര്യത്തിൽ സെൻറ് മേരീസ് ബസലിക്കയിലെ ക്രിസ്മസ് കുർബാനയിൽ പങ്കെടുക്കാതെ കർദിനാൾ മാറി നിന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് കുർബാനയിൽ പങ്കെടുക്കാതെ വിട്ടുനിന്നതെന്നാണ് സഭയുടെ വിശദീകരണം. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിട്ടുനിന്നതെന്ന് എതിർ വിഭാഗം പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ സഭാ നേതൃത്വം തീരുമാനിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. തുടക്കത്തില്‍ തന്നെ ഭൂരിഭാഗം വൈദികരും എതിര്‍ത്തെങ്കിലും ഇതു വകവയ്ക്കാതെയാണ് 58 കോടി രൂപ മുടക്കി അങ്കമാലിയില്‍ 25 ഏക്കര്‍ ഭൂമി വാങ്ങുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയില്ല. മെഡിക്കല്‍ കോളജിന് ഭൂമി വാങ്ങിയ ഇനത്തിലുള്ള 60 കോടിയുടെ പലിശയായി വര്‍ഷം ആറു കോടി രൂപയാണ് സഭ അടയ്ക്കുന്നത്. ഇപ്പോള്‍ ഈ കടം 90 കോടി രൂപയായി വര്‍ധിച്ചു. ഏതാനും മാസം മുമ്പ് ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു കടം വീട്ടാന്‍ തീരുമാനിക്കുന്നത്. ഇതിനായി എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്, തൃക്കാക്കര കൊല്ലംകുടിമുകളിലുള്ള ഒരേക്കര്‍(ഇത് 14 പ്ലോട്ടുകളായി തിരിച്ചു), എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. സെന്റിന് 950000 രൂപ വീതം മൊത്തം 27 കോടിക്കു വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ആധാരം കഴിഞ്ഞപ്പോള്‍ ലഭിച്ചത് ഒമ്പത്  കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 റബര്‍ തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവുമാണ് ലഭിച്ചത്. ഇത്തരത്തില്‍ പണം മുഴുവന്‍ ലഭിക്കുന്നതിന് മുമ്പ് ആധാരങ്ങളില്‍ ഒപ്പിട്ടു നല്‍കിയെന്നതാണ് മാര്‍ ആലഞ്ചേരിക്കു നേരെ വൈദികര്‍ തിരിയുന്നതിലേക്കു നയിച്ചത്. അതേസമയം രൂപതയ്ക്കു ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടു ലഭിക്കാനുള്ള തുകയെ സംബന്ധിച്ചു വ്യക്തമായ മറുപടി പറയാന്‍ ഇതുവരെ സഭാ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ഇതിനിടെ ഭൂമി വില്‍പ്പയുമായി ബന്ധപ്പെട്ടു ലഭിച്ചതുള്‍പ്പടെയുള്ള 12 കോടി രൂപ കണക്കില്‍ വരവു വച്ചിട്ടില്ലായെന്നും ഇവര്‍ വൈദികര്‍ കുറ്റപ്പെടുത്തുന്നു.

3.5 ഏക്കര്‍ ഭൂമി പോയെങ്കിലും സഭയ്ക്കു പത്തുപൈസ പോലും ലഭിച്ചിട്ടില്ല. ഇപ്പോള്‍ ദിവസം മൂന്നു ലക്ഷം രൂപയാണ് പലിശയായി അടയ്‌ക്കേണ്ടി വരുന്നത്. കടം 90 കോടി രൂപയായി കടംവര്‍ധിച്ചിരിക്കുന്നു. ഇതിന് ഉത്തരവാദികളായവര്‍ മറുപടി പറഞ്ഞേ മതിയാകൂ, വൈദികർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.