കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ നടത്തിയിരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. സമരം മൂന്നാം ദിവസത്തിലേക്ക് എത്തിയപ്പോഴാണ് അവസാനിപ്പിച്ചിരിക്കുന്നത്. വൈദികരുമായി സ്ഥിരം സിനഡ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രാന്മാരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ഇടപെടുമെന്ന് സിനഡ് വൈദികര്‍ക്ക് ഉറപ്പ് നല്കി. വ്യാജരേഖാ കേസില്‍ പീഡിപ്പിക്കുന്നെന്ന പരാതിയിലും ഇടപെടും. അടുത്തമാസം ചേരുന്ന പൂര്‍ണ സിനഡ് കര്‍ദിനാളിനെതിരായ മറ്റ് പരാതികള്‍ ചര്‍ച്ച ചെയ്യും.
Read Also: ‘ആലഞ്ചേരിയാണ് പ്രശ്നം’; സമരം അവസാനിപ്പിക്കാതെ അതിരൂപതയിലെ വൈദികര്‍
തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സമരം ചെയ്യുന്ന വെെദികരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയെങ്കിലും സമരം പിൻവലിക്കാൻ വെെദികർ തയ്യാറായില്ല. ഇന്ന് വീണ്ടും ചർച്ച നടത്തിയപ്പോഴാണ് പ്രശ്നങ്ങളിൽ ധാരണയായത്. അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കാൻ ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഉന്നയിച്ച അഞ്ച് വിഷയങ്ങളിൽ നാല് വിഷയങ്ങളിലും ഉറപ്പ് ലഭിച്ചതായി വെെദികർ പറഞ്ഞു. സമരം വിജയകരമാണെന്നും വ്യാജ രേഖാ കേസിൽ നടപടിയുണ്ടാക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വെെദികർ പറഞ്ഞു.
ഉള്പ്പോരില് ആടിയുലയുകയാണ് എറണാകുളം-അങ്കമാലി അതിരൂപത. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത് സീറോ മലബാർ സഭയെ തന്നെ പ്രതിസന്ധിയിലാക്കുന്നു. കർദിനാളിനെതിരെ വൈദികര്‍ അതിരൂപത ആസ്ഥാനത്ത് തന്നെയാണ് പ്രാര്‍ഥനാ ഉപവാസ സമരം നടത്തിയത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള പുതിയ അധ്യക്ഷനെ വേണമെന്നുമാണ് ഉപവാസ സമരം നടത്തിയിരുന്ന വൈദികരുടെ പ്രധാന ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും വൈദികര്‍ പറയുന്നു.
ബുധനാഴ്ച ഫൊറോന വികാരിമാരുടെ യോഗം കര്‍ദിനാള്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് വൈദികര്‍ കര്‍ദിനാളിനെതിരായ പ്രതിഷേധം കടുപ്പിച്ചത്. തങ്ങളുടെ പല ചോദ്യങ്ങള്‍ക്കും കര്‍ദിനാള്‍ നല്കിയ ഉത്തരങ്ങളില്‍ വ്യക്തതയില്ലെന്നാണ് വൈദികര്‍ പറയുന്നത്. കര്‍ദിനാള്‍ 14 കേസുകളില്‍ പ്രതിയാണെന്നും എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പായി അദ്ദേഹം തുടരേണ്ടതില്ലെന്നും വൈദികര്‍ പറയുന്നു. സിനഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് ആലഞ്ചേരിയെ മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.