പെസഹ തിരുന്നാൾ ദിവസം യേശുദേവൻ ശിഷ്യൻമാരുടെ കാൽകഴുകി ചുംബിച്ചതിന്റെ സ്മരണ പുതുക്കുന്ന പതിവ് ക്രെെസ്തവ സഭയിലുണ്ട്. എല്ലാ വർഷവും പെസഹ വ്യാഴാഴ്ചയാണ് വെെദികർ 12 പേരുടെ കാൽ കഴുകി ചുംബിക്കുന്ന ആചാരമുള്ളത്. എന്നാൽ, പെസഹ വ്യാഴാഴ്ച അല്ലാഞ്ഞിട്ടും കഴിഞ്ഞ ദിവസം മാള തുമ്പരശേരി സെന്റ് മേരീസ് പള്ളിയിൽ അരങ്ങേറിയത് വെെകാരിക രംഗങ്ങൾ. തന്നെ പൊതുമധ്യത്തിൽ കയ്യേറ്റം ചെയ്ത വ്യക്തിയുടെ കാൽ കഴുകി ചുംബിച്ച് ക്രിസ്തുവിനെ അനുകരിക്കുകയായിരുന്നു തുമ്പരശേരി പള്ളി വികാരി ഫാദർ നവീൻ ഊക്കന്‍.
ഇടവകയിലെ വയോധികരെ വിനോദയാത്രയ്ക്കു കൊണ്ടുപോയി തിരിച്ചെത്താന്‍ വൈകിയതില്‍ രോഷാകുലനായ ഒരു ഇടവാകാംഗം വികാരി ഫാ.നവീൻ ഊക്കനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇടവക ജനത്തിന് ഇത് ഉൾക്കൊള്ളാൻ സാധിച്ചില്ല. കയ്യേറ്റം ചെയ്ത വ്യക്തി പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം കേസ് നൽകുമെന്നും പള്ളിക്കമ്മിറ്റി തീരുമാനിച്ചു.
Read Also: സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ പ്രതിഷേധിക്കരുത്, മുദ്രാവാക്യം വിളിക്കരുത്: കാന്തപുരം
ഇതേത്തുടർന്നാണ് 26നു വെെദികനെ കയ്യേറ്റം ചെയ്ത ആളെ പള്ളിക്കമ്മിറ്റി ദേവാലയത്തിലേക്ക് വിളിപ്പിച്ചത്. കുർബാന മധ്യേ പരസ്യമായി മാപ്പു പറയണമെന്നായിരുന്നു പള്ളിക്കമ്മിറ്റി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച വ്യക്തി പള്ളിയിൽ എത്തുകയും ചെയ്തു. എന്നാൽ, ഇയാളോട് ഫാദർ നവീൻ കാണിച്ചത് ക്രിസ്തുസ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു.
കുർബാന മധ്യേ ഫാ.നവീൻ ഊക്കൻ അദ്ദേഹത്തെ അൾത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. അതിനുശേഷം കുർബാനയിൽ പങ്കെടുത്തിരുന്ന ഇടവക ജനങ്ങളോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു, “പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയമാണ്.” ശേഷം അച്ചൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് പാദങ്ങൾ കഴുകുകയും ചുംബിക്കുകയും ചെയ്തു…ക്രിസ്തു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിയതിനെ ഓർമപ്പെടുത്തി.
Read Also: വീട്ടമ്മയെ ചുംബിച്ച ഡെലിവറി ബോയ്ക്കെതിരായ കേസ്: വിചാരണ നടപടികൾ ആരംഭിച്ചു
“ഇദ്ദേഹം മാപ്പു പറയാൻ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കിൽ നിങ്ങൾ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കിൽ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം” ഫാ. നവീൻ തുടർന്നു. വികാരിയച്ചൻ ഇതു പറഞ്ഞു തീർന്നതും കുർബാനയിൽ സംബന്ധിച്ചിരുന്ന എല്ലാവരും എഴുന്നേറ്റുനിന്നു കയ്യടിച്ചു.
സമൂഹമാധ്യമങ്ങളിൽ ഫാദർ.നവീന്റെ പ്രവൃത്തിക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ക്രിസ്തു പഠിപ്പിച്ച പാഠങ്ങളാണ് ഫാദർ.നവീൻ സമൂഹത്തിലേക്ക് പകർന്നു നൽകുന്നതെന്ന് നിരവധിപേർ പറഞ്ഞു.