കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികന്‍ മരിച്ച നിലയില്‍. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ.ജോര്‍ജ് എട്ടുപറയിലിന്റെ മൃതദേഹമാണ് പള്ളിവളപ്പിലെ കിണറ്റില്‍ കണ്ടെത്തയിത്. ഇന്നലെയാണ് ഇദ്ദേഹത്തെ കാണാതായത്.
പള്ളിയിൽ നിന്ന് അധികം ദൂരെയല്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ കാണാതായ വൈദികനു വേണ്ടി മണിക്കൂറുകളായി തിരച്ചിൽ നടക്കുകയായിരുന്നു. അതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.
Read Also: മാറിനിന്ന് കമന്റ് പറയാൻ എളുപ്പമാണ്, പരാമർശം വേദനിപ്പിച്ചു; മുല്ലപ്പള്ളിക്ക് കെ.കെ.ശെെലജയുടെ മറുപടി
ഇന്നലെ ഉച്ചയോടെയാണ് വൈദികനെ കാണാതായത്. വൈദികൻ പുറത്തിറങ്ങുന്നത് പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അതിനുശേഷമുള്ളതൊന്നും സിസിടിവിയിൽ പതിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയ ശേഷമുള്ള അന്വേഷണത്തിൽ പള്ളിവളപ്പിലെ സിസിടിവി ഓഫാക്കിയ നിലയിൽ കണ്ടെത്തി.
പള്ളിയില്‍ സമീപകാലത്ത് തീപിടിത്തമുണ്ടായി ചില രേഖകള്‍ കത്തിനശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വൈദികൻ വലിയ മാനസിക സംഘർഷത്തിലായിരുന്നു. പള്ളി വളപ്പിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് നേരത്തെ തീപിടിത്തമുണ്ടായത്. നാല് പേർക്ക് പൊള്ളലേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇതേ കുറിച്ചാലോചിച്ച് വൈദികനു വലിയ മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് മറ്റു വൈദികർ പറയുന്നത്. ഇപ്പോൾ സേവനമനുഷ്‌ഠിക്കുന്ന ഇടവകയിൽ നിന്നു തന്നെ മാറ്റണമെന്ന് ഈ വൈദികൻ ആവശ്യപ്പെട്ടിരുന്നതായും മറ്റ് അധികാരികൾ പറയുന്നു.
Read Also: അച്ഛന്റെ സങ്കടങ്ങൾ മാറ്റാൻ അല്ലി നൽകിയ സമ്മാനം
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിദേശത്തു നിന്നെത്തിയ വൈദികൻ പുന്നത്തുറ പള്ളിയിലെ വികാരിയായി ചാർജ്ജെടുത്തത്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.