scorecardresearch
Latest News

‘പീഡാനുഭവ’ ആരോപണങ്ങൾ, ആളൊഴിയുന്ന കന്യാസ്ത്രീ മഠങ്ങൾ

കന്യാസ്ത്രീയാകാൻ സ്ത്രീകൾ വരുന്നില്ലെന്ന ആശങ്കയുമായി കത്തോലിക്ക സഭ നിൽക്കുമ്പോഴാണ് ബിഷപ്പിനെതിരെ വരെ പീഡനാരോപണവുമായി കന്യാസ്ത്രീ രംഗത്ത് വരുന്നത്. ബാലലൈംഗിക പീഡനം മുതൽ കന്യാസ്ത്രീ പീഡനം വരെ ഉളള ആരോപണങ്ങളിൽ പ്രതിസ്ഥാനത്ത് വൈദികരാകുന്നത് സഭയെ പ്രതിസന്ധിയിലാഴ്ത്തുന്നു.

‘പീഡാനുഭവ’ ആരോപണങ്ങൾ, ആളൊഴിയുന്ന കന്യാസ്ത്രീ മഠങ്ങൾ

കൊച്ചി: കത്തോലിക്ക സഭയിൽ ഉയരുന്ന പീഡന വിവാദങ്ങൾ സഭയെ കൂടുതൽ പ്രതിസന്ധിയാക്കുന്ന വിഷയങ്ങളിലേയ്ക്ക് പോകുന്നു. നിലവിൽ തന്നെ കന്യാസ്ത്രീമാരാകാൻ ആളില്ലാതെ ആശങ്കയിലായിരിക്കുന്ന സഭയ്ക്ക് മേൽ പുതിയ സംഭവവികാസങ്ങൾ കുടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വൈദിക സമൂഹവും വിശ്വാസ സമൂഹവും വിലയിരുത്തുന്നത്.

വരുന്ന 25 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കന്യാസ്ത്രീ മഠങ്ങളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടേണ്ടി വരുമെന്നു കത്തോലിക്കാ സഭയുടെ വിലയിരുത്തൽ വന്നിട്ട് കുറച്ച് കാലമേ ആയിട്ടുളളൂ. കന്യാസ്ത്രീകളാകാന്‍ വര്‍ഷം തോറും എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതാണ് സഭയെ കടുത്ത ആശങ്കയിലേയ്ക്ക് നയിക്കുന്നത്. അടുത്തിടെ എറണാകുളത്ത് നടന്ന സീറോ മലബാര്‍ സഭാ സിനഡില്‍ കന്യാസ്ത്രീകളുടെ എണ്ണം കുറയുന്നതു ചര്‍ച്ചയാവുകയും ചെയ്തു. സഭയിൽ കന്യാസ്ത്രീകൾ ഉൾപ്പടെ ഉയർത്തിയ പീഡനാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിഷയം കൂടുതൽ ഗൗരവതരമായ ശ്രദ്ധ ആകർഷിക്കുകയാണ്. ഒരു കാലത്ത് ലോകത്തെല്ലായിടത്തും കന്യാസ്ത്രീകളായി എത്തിയവരെന്ന മലയാളികളായ സന്യസ്തരായ സ്ത്രീകളായിരുന്നു.​ അവരിൽ വരുന്ന കുറവ് സഭയുടെ ധാർമ്മികത തന്നെ ചോദ്യം ചെയ്യേപ്പെട്ടേയ്ക്കാം എന്ന ഭയമാണ് വൈദികരുടെ മേൽത്തട്ടിലുളളവരിൽ ഉളവാക്കിയരിക്കുന്നത്.

സ്ത്രീകളുടെ സന്യസ്ത വിളിയിലുണ്ടാകുന്ന കുറവ് ആശങ്കാജനകമാണെന്ന് നേരത്തെ ചേർന്ന സിനഡ് വിലയിരുത്തി. ഇത് സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേയ്ക്കും. ഇക്കാര്യം ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ട്. കൂടുതല്‍ ഫലപ്രദമായ പ്രതിവിധികള്‍ കണ്ടെത്താനും അനുകരണീയമായ മാതൃകകള്‍ രൂപപ്പെടുത്താനും പരിശ്രമങ്ങളുണ്ടാവണമെന്നും സിനഡ് നിരീക്ഷിച്ചു, സഭാ വക്താക്കള്‍ പറയുന്നു. അതേസമയം കന്യാസ്ത്രീകളുടെ എണ്ണം ആശങ്കാജനകമായ വിധത്തില്‍ കുറയുന്നത് പല സഭാസ്ഥാപനങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന സ്ഥിതിയാണുണ്ടാക്കുന്നതെന്ന് സഭയുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു.

സഭയുമായി ബന്ധപ്പെട്ട് സ്ത്രീകൾ, പ്രത്യേകിച്ച് കന്യാസ്ത്രീകൾ പലവിധ ചൂഷണങ്ങൾക്ക് വിധേയരാകുന്നുവെന്ന ആരോപണം ഏറെക്കാലമായി ഉയർന്നു നിൽക്കുന്നുണ്ട്. ക്രൈസ്തവസഭകളിലെ കന്യാസ്ത്രീമാരെ രണ്ടാം തരം പൗരിമാരായാണ് കണക്കാക്കുന്നതെന്ന് നിശബ്ദ പ്രതിഷേധവും പലരിലുമുണ്ട്. എന്നാൽ അച്ചടക്കത്തിന്റെ വാൾ വീശി ഇവരെയൊക്കെ നിശബ്ദരാക്കുകയാണ് പൗരോഹിത്യം ചെയ്യുന്നതെന്നും ഇവരെ പിന്തുണയ്ക്കുന്നവർ പറയുന്നു. സിസ്റ്റർ അഭയയുടെ മരണത്തെ തുടർന്നാണ് കന്യാസ്ത്രീ മഠങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമാകുന്നത്.​ ഇന്നും അവസാനിക്കാത്ത ആ വിവാദങ്ങൾ സഭകളുടെ വേലിക്കെട്ടുകൾ കടന്ന് വ്യാപിച്ചിട്ടുണ്ട്. സഭയ്ക്കകത്ത് സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും പീഡനങ്ങളുമൊക്കെ സിസ്റ്റർ ജെസ്മിയുടെ ആത്മകഥയിലൂടെയാണ് മലയാളി അറിഞ്ഞത്. ജെസ്മിക്കെതിരെ ഒരു വിഭാഗം കടുത്ത അധിക്ഷേപവും ആക്രമണവും നടത്തിയെങ്കിലും പിന്നീട് നടന്ന സംഭവങ്ങളെല്ലാം ആ ആരോപണങ്ങളെ ശരിവയ്ക്കുന്നതായി.

പല സഭകളിൽ​ പല വഴിക്ക് പീഡനാരോപണങ്ങൾ ഉയർന്നു. നേരത്തെ രഹസ്യമായി പരിഹരിച്ചിരുന്ന പലതും പൊട്ടിപ്പുറത്തുവന്നു. സ്ത്രീ പീഡനം മുതൽ ശിശുപീഡനം വരെയുളളവരിൽ സാധാരണ വൈദികർ മുതൽ ബിഷപ്പ് വരെ ആരോപണവിധേയരാവുകയും പ്രതിസ്ഥാനത്ത് വരികയും ചെയ്തു. ഇതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുമെന്ന വിലയിരുത്തലിലാണ് സഭകൾ.

കത്തോലിക്കാ സഭയുടെ കണക്കെടുത്താൽ 2015 ല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരാകാന്‍ പഠിക്കുന്നത് 735 പേരാണെങ്കില്‍ കന്യാസ്ത്രീകളാകാന്‍ പഠിക്കുന്ന ‘അര്‍ഥിനി’കളുടെ എണ്ണം 210 മാത്രമാണ്. അതേസമയം നിലവില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും കണക്ക് പരിശോധിക്കുമ്പോഴാണ് കന്യാസ്ത്രീകളാകാന്‍ എത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവു തിരിച്ചറിയാനാവുക. 2015-ലെ കണക്കുപ്രകാരം നിലവില്‍ 6781 കന്യാസ്ത്രീകളും 1742 വൈദികരുമാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിലവിലുള്ളതിനേ അപേക്ഷിച്ച് പുതുതായി എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞതായാണ് കണക്കുകള്‍. ഈ ​കണക്കുകൾ കഴിഞ്ഞ വർഷം വീണ്ടും കുറഞ്ഞതായാണ് ലഭ്യമാകുന്ന വിവരം.

ഇതേ സാഹചര്യമാണ് കേരളത്തിലെമ്പാടുമുള്ള രൂപതകളില്‍ സംഭവിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂരിഭാഗം കന്യാസ്ത്രീ മഠങ്ങളും അടച്ചിടേണ്ട സ്ഥിതിയുണ്ടാകുമെന്ന് വൈദികര്‍ തന്നെ പറയുന്നു. അതേസമയം വൈദികരാകാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നില്ലായെന്നതാണ് ശ്രദ്ധേയമായ കാര്യം. സഭയില്‍ വൈദികരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാംതരക്കാരായാണ് കന്യാസ്ത്രീകള്‍ പരിഗണിക്കപ്പെടുന്നതെന്ന കാര്യമാണ് പലപ്പോഴും പുതുതായി എത്താനാഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുന്നതെന്ന് അഭിപ്രായം ഉണ്ട്. വൈദികരുമായി താരതമ്യം ചെയ്താൽ കൂട്ടിലടച്ച തത്തകള്‍ മാത്രമാണ് കന്യാസ്ത്രീകള്‍. വൈദികര്‍ വാഹനങ്ങളും മൊബൈല്‍ ഫോണും സാമൂഹിക മാധ്യമങ്ങളുമായി പൊതുസമൂഹവുമായി ഇടപെട്ടു ജീവിക്കുമ്പോള്‍ കന്യാസ്ത്രീകള്‍ക്ക് ഇതെല്ലാം നിഷേധിക്കപ്പെടുകയാണ്. കന്യാസ്ത്രീകള്‍ക്ക് എന്താണ് സഭ ഇത്രയും കാലത്തിനുള്ളില്‍ നല്‍കിയിട്ടുള്ളതെന്ന കാര്യം കൂടി പഠന വിധേയമാക്കിയാല്‍ മാത്രമേ കന്യാസ്ത്രീകളാകാന്‍ പെണ്‍കുട്ടികളെ കിട്ടാത്തതിന്റെ സാഹചര്യം പഠനവിധേയമാക്കാനാവൂ, ഒരു വൈദികന്‍ പറയുന്നു.

അതേസമയം മുന്‍കാലങ്ങളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ നെടുംതൂണുകളായി മാറുന്നതും പെണ്‍കുട്ടികളെ കന്യാസ്ത്രീകളാകാന്‍ പോകുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നുണ്ടെന്നു വൈദികര്‍ തന്നെ സമ്മതിക്കുന്നു. നഴ്‌സിങ് രംഗത്ത് വിദേശത്ത് തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചതോടെ നൂറുകണക്കിനു പെണ്‍കുട്ടികളാണ് ഈ വഴി തിരഞ്ഞെടുത്തത്. ഇതോടൊപ്പം കുടുംബങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞതും സാമ്പത്തികമായ ഉന്നമനവുമെല്ലാം പെണ്‍കുട്ടികളെ സന്യാസത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ നേര്‍ച്ച നേര്‍ന്നതിന്റെ പേരിലും വീട്ടില്‍ സമ്പത്തില്ലാത്തതിന്റെ പേരിലും നൂറുകണക്കിനു പെണ്‍കുട്ടികളാണ് കന്യാസ്ത്രീകളായിരുന്നത്. എന്നാല്‍ ഇന്ന് അത്തരം സാഹചര്യമെല്ലാം മാറിയിരിക്കുന്നു. പല സന്യാസ സമൂഹങ്ങള്‍ക്കും വര്‍ഷത്തില്‍ പുതുതായി ചേരാന്‍ ഒരാളെപ്പോലും ലഭിക്കാത്ത അവസ്ഥയുണ്ട്. ഇതേ രീതി തുടര്‍ന്നാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഭൂരിഭാഗം മഠങ്ങളും അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്യേണ്ടി വരും, ഒരു വൈദികന്‍ പറയുന്നു.

ഇപ്പോഴുള്ള കന്യാസ്ത്രീകളില്‍ ഭൂരിഭാഗവും മധ്യവയസ്സിന് മുകളില്‍ പ്രായമുള്ളവരോ വാർധക്യത്തിലേയ്ക്ക് എത്തിയവരോ ആണ്. മാത്രമല്ല, പ്രായം കൊണ്ട് ആരോഗ്യപരമായ അവശതകൾ ഉളളവരുമാണ്. സജീവമായി പ്രവർത്തിക്കാൻ സാധിക്കാത്തവരാണിവരില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സന്യാസിനികളില്‍ നിന്നു മുഴുവൻ സമയ പ്രവര്‍ത്തനം പ്രതീക്ഷിക്കാനാവില്ല. ഇതും സഭ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ്.

ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്നത് കന്യാസ്ത്രീകളാണെന്ന് ചില വൈദികരും കന്യാസ്ത്രീകളുടെ ബന്ധുക്കളും സ്വകാര്യ സംഭാഷണങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. കന്യാസ്ത്രീ ആയവർ പുറത്തുവരുന്നതോ അവരുടെ പ്രശ്നങ്ങൾ പുറത്തുപറയുന്നതോ കുടുംബങ്ങൾക്ക് കൂടെ പ്രശ്നമുണ്ടാകും സമൂഹത്തിലും ഇടവകയിലും അവർ ഒറ്റപ്പെടും എന്നതിലാണാണ് പലതും പുറത്ത് അറിയാത്തതെന്നും അവർ പറയുന്നു. എന്നാൽ ഒരു തരത്തിലും അതിനുളളിൽ ജീവനോടെ കഴിയാനാകാതെ വരുമ്പോഴാണ് പലപ്പോഴും ചിലതൊക്കെ പൊട്ടിപ്പുറത്ത് വരുന്നത്. ചിലരൊക്കെ സന്യസ്തവസ്ത്രം ഉപേക്ഷിച്ച് പുറത്തുപോകുന്നതും അവർ പറയുന്നു. ഏറ്റവും അവസാനം ഇപ്പോൾ വിവാദമായിരിക്കുന്ന വിഷയങ്ങൾ പരിശോധിച്ചാൽ തന്നെ ഇത് മനസ്സിലാകും.

എന്തെങ്കിലും മോശമായ അനുഭവമുണ്ടാകുമ്പോൾ അതിനെതിരെ കന്യസ്ത്രീകൾ പ്രതികരിച്ചാൽ അവരെ ദുർനടപ്പുകാരായി ചിത്രീകരിക്കുകയും സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയും കുറ്റക്കാരാക്കുകയും ചെയ്യുന്ന സമീപനമാണ് സഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതും ഇവർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം കന്യാസ്ത്രീകളുടെ എണ്ണം കുറയുന്നത് സഭയ്ക്ക് ഭാവിയില്‍ വന്‍ വരുമാന നഷ്ടമുണ്ടാക്കുമെന്നു സഭയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ മിക്കതിലും നല്ല പങ്ക് ജോലിക്കാരും കന്യാസ്ത്രീകളാണ്, എന്നാല്‍ ഭാവിയില്‍ കന്യാസ്ത്രീകളുടെ എണ്ണം കുറയുമ്പോള്‍ ഇവിടങ്ങളില്‍ ജോലിക്കാരെ പകരം നിയോഗിക്കേണ്ടി വരും. ഇത് ഭാവിയില്‍ സഭയ്ക്കു കിട്ടുന്ന വരുമാനം കുറയാനിടയാക്കും, പേര് വെളിപ്പടുത്തരുതെന്ന് നിബന്ധനയോടെ ഒരു വൈദികൻ പറഞ്ഞു.

അഭയ കേസ് മുതൽ കൊട്ടിയൂർ കേസും ഇപ്പോൾ ​പുറത്തുവന്നിട്ടുളള ജലന്ധർ ബിഷപ്പിനെതിരായ കേസും വരെ സഭ പ്രതിസ്ഥാനത്ത് വന്ന സംഭവങ്ങളും കന്യാസ്ത്രീകളാകാൻ പെൺകുട്ടികൾ വരുന്നത് കുറയുന്നതിന് കാരണമായിട്ടുണ്ടാകാം എന്ന് വിലയിരുത്തുന്ന വിശ്വാസികളുമുണ്ട്. സഭ വിട്ട് പുറത്ത് വന്നവർ എഴുതിയ ആത്മകഥകളിൽ അവർ കടന്നുപോയ അവസ്ഥയെ കുറിച്ചുളള വിലയിരുത്തലുകളും യാഥാർത്ഥ്യത്തെ കുറിച്ചുളള വേറിട്ട അറിവും ജീവിത കാഴ്ചപ്പാടുകളുമെല്ലാം ഈ നിലപാടിന് കാരണമായിട്ടുണ്ടാകാം. സിസ്റ്റർ ജെസ്മി ഉൾപ്പടെയുളള പലരും ഉന്നയിച്ച ആരോപണങ്ങളെ കൂടുതൽ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ആരോപണം സഭയിലെന്തോ ചീഞ്ഞു നാറുന്നുവെന്ന വിശ്വാസമാണ് ഉണ്ടാക്കിയിട്ടുളളതെന്ന് വിശ്വാസികളും പറയുന്നു.

കേരളത്തിലെ സഭയിലെ കന്യാസ്ത്രീകളടക്കമുളളവർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പ്രത്യേകിച്ച് ലൈംഗിക പീഡനാരോപണങ്ങളിൽ കുറ്റാരോപിതരെ സംരക്ഷിക്കാനുളള വൈദികനേതൃത്വത്തിന്റെ വ്യഗ്രത കാര്യങ്ങൾ കൂടുതൽ വഷളാക്കും എന്ന് കരുതുന്ന വൈദികരുമുണ്ട്. ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുവെങ്കിലും അത് സാധ്യമാകുന്നില്ലെന്ന വിഷമമാണ് അവർ പങ്കുവയ്ക്കുന്നത്. ബിഷപ്പ് തന്നെ പ്രതിസ്ഥാനത്ത് വരുന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണാവുകയാണ്.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരി കൂടിയായ കന്യാസ്ത്രീ ഇപ്പോഴത്തെ മദർ സുപ്പീരിയറിന് അയച്ചതെന്ന് പറയപ്പെടുന്ന കത്തിലെ വിവരങ്ങൾ ഇന്ത്യയിലെ കന്യാസ്ത്രീ മഠങ്ങളിലെ അവസ്ഥ എത്രത്തോളം ഭീതിദമാണെന്ന് വ്യക്തമാക്കുന്നതാണ്.

കത്തിലെ ഒരു ഭാഗം

“നിങ്ങളുടെ വൈരാഗ്യത്തോടെയുളള നിലപാട് കാരണം നിരവധി സിസ്റ്റർമാരുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കുന്നു. അവർ അക്ഷരാർത്ഥത്തിൽ ഹൃദയംപൊട്ടിക്കരയുകയാണ്. ഞങ്ങൾ എങ്ങോട്ട് പോകണം എന്നാണ് അവർ ചോദിക്കുന്നത്. ചിന്തിക്കുക, ഞങ്ങൾ ജന്മദേശം വിട്ടു, മാതാപിതാക്കളെയും ബന്ധുക്കളെയും വിട്ട് ദൈവവിളി കേട്ട് എത്തിയവരാണ് ഞങ്ങൾ. എന്താണ് ഞങ്ങളുടെ ഇപ്പോഴത്തെ അസ്തിത്വം, എവിടെയാണ് ഞങ്ങളുടെ പ്രതീക്ഷ, ഇവിടെ നിന്ന് ഞങ്ങൾക്ക് ഒരു സഹായം ലഭിക്കുന്നില്ല. ഞങ്ങളുടെ സന്യാസം പാഴായിപ്പോയോ? അവിടെ നിന്നും ഒരു സഹായം ലഭിക്കാത്തതിനാൽ വീട്ടിൽ അറിയിച്ചിട്ടുണ്ട്. അറിയിച്ചിട്ടുണ്ട്”, എന്നും ആ കത്തിൽ ചോദിക്കുന്നു.

ഈ കത്ത് പുറത്തുവന്നതോടെ കന്യസ്ത്രീ മഠങ്ങളിൽ നിലനിൽക്കുന്ന സാഹചര്യങ്ങളുടെ ഉളളറ രഹസ്യങ്ങളുടെ മൂടുപടം നീക്കുന്നതാണെന്ന് വിശ്വാസികളായ വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Priest accused rape cases nuns