തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാസവരുമാനത്തില്‍ ഒരു കോടിയോളം രൂപയുടെ കുറവ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാട് പണമായി നല്‍കരുതെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ഭണ്ഡാരവരവില്‍ വലിയ ഇടിവുണ്ടായതെന്നാണ് അനുമാനം. എന്നാല്‍ ഇത്തരം പ്രചാരണം മൂലമാണ് വരുമാനം കുറഞ്ഞതെന്ന് കരുതുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസങ്ങളായി വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇത് പ്രളയത്തെ തുടര്‍ന്നുളള പ്രതിസന്ധി കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയത്തെ തുടര്‍ന്ന് ജനങ്ങളുടെ വരുമാനത്തിലും ഭക്തരുടെ വരവിലും കുറവുണ്ടായിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ ഒരു കോടിയോളം രൂപയുടെ കുറവാണുണ്ടായത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നില്‍ ഭണ്ഡാരം സ്ഥാപിച്ചത് ആരുടേയും നിര്‍ദ്ദേശപ്രകാരമല്ലെന്നും ഭക്തര്‍ക്ക് തിരിച്ചറിയാനാകും വിധം ഭണ്ഡാരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മോഹന്‍ദാസ് പറഞ്ഞു. ക്ഷേത്രത്തില്‍ കാണിക്ക ഇടരുതെന്ന് ഹൈന്ദവ സംഘടനകള്‍ കഴിഞ്ഞ മാസങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി അടക്കമുളളവര്‍ രംഗത്തെത്തുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.