തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നല്കാന് തന്നെ സമ്മർദം ചെലുത്തിയെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേസ്. ഗൂഢാലോചന നടത്തിയതിനും അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും കേസെടുക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്.
അതേസമയം, തങ്ങള്‍ക്ക് എതിരെ മൊഴി നല്കിയ വനിതാ പൊലീസുകാര്‍ക്ക് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നല്കി. വ്യാജ മൊഴി നല്കിയ വനിതാ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ മൊഴിക്ക് പിന്നില്‍ ഗൂഢാലോചനയാണ്. സമ്മര്‍ദം ചെലുത്തിയാണ് മൊഴി എടുത്തതെന്ന് പ്രതി സ്വപ്ന സുരേഷ് പരാതിപ്പെട്ടിട്ടില്ല. അന്വേഷണം അട്ടിമറിക്കലാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യമെന്നും ഇഡി.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് കേന്ദ്ര ഏജന്‍സി സമ്മർദം ചെലുത്തുന്നുവെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ നേരത്തെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഇഡി തന്നെയായിരുന്നു ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ചും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നവംബറില്‍ ഇഡി നല്കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ജയില്‍ ഡിജിപിയും ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിരുന്നു.